crime

ആലുവ: മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് റിമാൻഡിലായ പ്രതിക്കെതിരെ മറ്റൊരു പീഡനക്കേസ് കൂടി​.

ആലുവ സബ് ജയിലിൽ റിമാൻഡിലുള്ള എടത്തല മാളേക്കപ്പടി സ്വദേശിയായ 62കാരനെതി​രെ മകന്റെ ഭാര്യ മാതാവ് നൽകി​യ പീഡന പരാതിയി​ൽ കളമശേരി പൊലീസും കേസെടുത്തു.

കോട്ടയം ഐമനം സ്വദേശിനിയായ 29 വയസുകാരിയുടെ പരാതിയിലാണ് തേയില കച്ചവടക്കാരനായ പ്രതി റിമാൻഡിലായത്. അഭിഭാഷകനായ മകന്റെ മൂന്നാമത്തെ ഭാര്യയാണ് പരാതിക്കാരി. ഒക്ടോബർ 25ന് വീട്ടിലെ കിടപ്പുമുറിയിൽ വച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

മുറികൾ വൃത്തിയാക്കുന്ന സമയത്തും ലൈംഗി​ക ഉദ്ദ്യേശത്തോടെ നോക്കിയതായും പറയുന്നു. പരാതിയെ തുടർന്ന് എടത്തല പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞ 24നാണ് റിമാൻഡിലായത്.ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ മാതാവും രംഗത്തെത്തിയത്. കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ 18ന് ഇവിടെയെത്തിയ പ്രതി കയറിപ്പിടിച്ചെന്ന 51കാരിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസെടുത്തത്. പൊതുരംഗത്ത് സജീവമായിരുന്ന പ്രതി എടത്തല പഞ്ചായത്ത് റോഡിൽ നിന്നും അനധികൃതമായി മണ്ണ് കടത്തിയ കേസിൽ മൂന്നാം പ്രതിയാണ്.

മകന്റെ ആദ്യഭാര്യയോടും ഇയാൾ മോശമായി പെരുമാറിയിരുന്നതായി​ പറയുന്നുണ്ട്. ഇതുസംബന്ധിച്ച ആദ്യഭാര്യയുടെ ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. ഭർതൃപിതാവിന്റെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയിട്ടും ഭർത്താവ് നിസംഗത തുടർന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി 'കേരളകൗമുദി'യോട് പറഞ്ഞു. സ്വാധീനത്തെ തുടർന്ന് പ്രതിയുടെ അറസ്റ്റ് വാർത്ത ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടി​ല്ലെന്നും ആക്ഷേപമുണ്ട്.