
കോവളം: സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല എന്ന് പറയുന്ന തരത്തിലേക്ക് നമ്മുടെ സമൂഹം മാറണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി പറഞ്ഞു. സ്ത്രീധന പീഡനത്തിനെതിരെ തിരുവല്ലം എൽ.പി.എസ് ജംഗ്ഷനിൽ സി.പി.എം കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിലപ്പെട്ട നിരവധി ജീവനുകളാണ് സ്ത്രീധനത്തിന്റെ പേരിൽ നഷ്ടപ്പെട്ടത്. നമ്മുടെ പെൺകുട്ടികൾ ഒരു ദിവസം പെട്ടെന്ന് ജീവിതത്തിൽ നിന്ന് മാറപ്പെടുന്നു എന്നത് ദുഃഖകരം. ആ ദുഃഖം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് മാത്രമേ പൂർണമായും അത് മനസിലാകുകയുള്ളൂ. തിരുവല്ലം വണ്ടിത്തടത്തുണ്ടായ സംഭവം ഏറെ വേദനിപ്പിക്കുന്ന ഒന്നാണെന്നും അവർ പറഞ്ഞു. സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി.എൻ. സീമ,മഹിളാ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി എസ്.പുഷ്പലത,ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്,പ്രസിഡന്റ് ശകുന്തള കുമാരി,പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു തുടങ്ങിയവർ സംസാരിച്ചു.