1

പൂവാർ: മുഖ്യമന്ത്രിയും സംഘവും 37 ദിവസം നടത്തിയ പഞ്ചനക്ഷത്ര യാത്ര കല്യാശേരി മുതൽ വട്ടിയൂർക്കാവ് വരെയുള്ള യുവാക്കളുടെ രക്തത്താൽ ദുരന്ത യാത്രയായി. കോൺഗ്രസ് നേതാക്കളെ ഭസ്മീകരിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദേശം ജനങ്ങൾക്ക് നേരിട്ട് അറിയാൻ ഇടയായത് ജനാധിപത്യത്തിന്റെ അന്ത്യകൂദാശയ്ക്ക് തുല്യമായി. ഇതിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരെയും ഡി.വൈ.എഫ്.ഐ ഗുണ്ടകളെയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരെയും കോൺഗ്രസ് ചുണ്ണാമ്പ് തൊട്ടു നിറുത്തിയിട്ടുണ്ടെന്നത് വിസ്മരിക്കരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ മുന്നറിയിപ്പ് നൽകി. കോൺഗ്രസ് ഡി.ജി.പി ഓഫീസ് മാർച്ചിനോടനുബന്ധിച്ച അതിക്രമത്തിൽ പ്രതിഷേധിച്ച് ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വി. ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ എം. മണികണ്ഠൻ, എം.ആർ. സൈമൺ,വട്ടവിള വിജയൻ തുടങ്ങിയവർ സംസാരിച്ചു.