കൊല്ലങ്കോട്: അതിർത്തി പ്രദേശമായ ഗോവിന്ദാപുരം നീളാപ്പാറ കിഴവൻ പുത്തൂർ റോഡിൽ നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 120 ലിറ്റർ സ്പിരിറ്റ് കൊല്ലങ്കോട് എക്‌സൈസ് സംഘം പിടികൂടി. തമിഴ്നാട് അബ്രാ പാളയം ദിവാൻസ്പുത്തൂർ മണ്ഡപം വീട്ടിൽ സെന്നിയപ്പൻ (33) പേരിൽ കേസെടുത്തു. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ സൂക്ഷിച്ച സ്പിരിറ്റ് കന്നാസുകളിൽ നിശ്ചിത അളവിൽ ആവശ്യാനുസരണം കടത്തികൊണ്ടു പോകുക പതിവാണെന്നുമാണ് വിവരം.
മാസങ്ങൾക്ക് മുമ്പ് ചെമ്മണാമ്പതിയിൽ വ്യാപകമായ തോതിൽ സ്പിരിറ്റ് പിടികൂടിയതിന്റെ പിന്നിലുള്ള സംഘത്തിലുള്ളവർ ഇപ്പോഴും സമാന രീതിയിൽ തുടരുന്നതായും പറയുന്നു. പുതുവർഷത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്.സജിത്ത്, സി.ഇ.ഒമാരായ എ.അരവിന്ദാക്ഷൻ, രാജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.ഷാംജി, പ്രദീപ്.ആർ തുടങ്ങിയ വർ പങ്കെടുത്തു.