crime

ചിറ്റൂർ: മാതാപിതാക്കൾക്കൊപ്പം പൂട്ടിക്കിടക്കുന്ന വാണിജ്യ വകുപ്പ് ചെക്ക് പോസ്റ്റിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസുകാരിയെ എടുത്തുകൊണ്ടുപോയി പിഡിപ്പിച്ചയാൾ അറസ്റ്റിൽ. എരുത്തേമ്പതി വില്ലൂന്നി തരകൻകളം സ്വദേശി കന്തസ്വാമി (77)​ ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ആർ.വി.പി പുതൂർ നടുപ്പുണിയിലാണ് സംഭവം. കുട്ടിയുടെ നില ഗുരുതരമായതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കേളേജിലേക്ക് മാറ്റി.

കല്ല് കൊത്ത് തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം നടുപ്പുണിയിലെ പൂട്ടിക്കിടക്കുന്ന ചെക്ക് പോസ്റ്റിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ആരുമറിയാതെ എടുത്തുകൊണ്ട് പോയി 50 മീറ്റർ അകലെ പൊന്തക്കാട്ടിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഉറക്കമുണർന്ന മാതാപിതാക്കൾ കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കാട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടത്. ഇവിടെയെത്തിയ അവർ കണ്ടത് പരിക്കേറ്റ കുട്ടിയെയും സമീപത്തു തന്നെ കന്തസ്വാമിയെയുമാണ്. കന്തസ്വാമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കന്തസ്വാമി വർഷങ്ങളായി നാട്ടിൽ ഇല്ലായിരുന്നു, ഒരുമാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയും മാതാപിതാക്കളും കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ജോലിയുടെ ഭാഗമായി നടുപ്പുണിയിലെത്തിയത്.

ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഡിവൈ.എസ്.പി സി.സുന്ദരൻ, കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻസ്‌പെക്ടർ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.