rajesh

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 23 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മലയിൻകീഴ് മച്ചേൽ കുരുവിൻമുഗൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷ്(41)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 13മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

2013ലാണ് കേസിനാസ്പദമായ സംഭവം. ആരോഗ്യ ഇൻഷ്വറൻസ് എടുക്കാൻ പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നതും പീഡന വിവരം പുറത്തറിയുന്നതും.

മലയിൻകീഴ് സബ് ഇൻസ്‌പെക്ടറായിരുന്ന റിയാസ് രാജ, കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.