
തിരുവനന്തപുരം: ബിനോയ് വിശ്വം എം.പിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയാണ് പേര് നിർദ്ദേശിച്ചത്. ആരും എതിർപ്പുയർത്തിയില്ല. കൗൺസിൽ
ഏകകണ്ഠമായി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലും സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി എതിർ ശബ്ദങ്ങളുയർന്നിരുന്നില്ല.
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എ.പി ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയതിൽ കൗൺസിൽ യോഗത്തിൽ ചില അംഗങ്ങൾ വിയോജിച്ചു. നടപടി ജയന്റെ ഭാഗം കേൾക്കാതെയാണെന്ന വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ ഇന്നലെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബാങ്ക് വായ്പയുടെ രേഖകൾ ഉൾപ്പടെ ഹാജരാക്കിയ ജയൻ തനിക്കെതിരായ നടപടി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. ജയന്റെ വാദങ്ങൾ നേതൃത്വം തള്ളി.
പാർട്ടിയുടെ സൽപ്പേരിന് കളങ്കുണ്ടാക്കുന്ന ചില തെറ്റുകൾ ജയന്റെ ഭാഗത്തു നിന്നുണ്ടായെന്നും അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കിയെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയന് തിരുത്തലിനുവേണ്ടി വഴിയൊരുക്കുകയാണ് പാർട്ടി ചെയ്തത്. സി.ശശിധരനാണ് ജില്ലാ സെക്രട്ടറിയുടെ പകരം ചുമതല. അദ്ദേഹത്തെ സഹായിക്കാൻ മുല്ലക്കര രത്‌നാകരൻ, മന്ത്രി ജി.ആർ.അനിൽ എന്നിവരെ ചുമതലപ്പെടുത്തി. പത്തനംതിട്ടയിൽ പുതിയ കമ്മിറ്റി വരുമെന്നും വ്യക്തമാക്കി.
'ബി.ജെ.പി പ്രലോഭനത്തിൽ
വീഴാത്തവർ എം.പിമാരാണം'
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിക്കേണ്ടത് ബി.ജെ.പിയുടെ സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്തവരാകണമെന്ന് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സർക്കാരിനെ താഴെയിറക്കണം. പകരം വരുന്ന സർക്കാർ ഇന്ത്യ സഖ്യത്തിന്റേതായിരിക്കും. ആ സർക്കാരിനെ ശക്തിപ്പെടുത്താൻ നിർണായക വേളകളിൽ പതറാത്ത, ബി.ജെ.പിയുടെ സമ്മർദ്ദങ്ങളിലോ പ്രലോഭനങ്ങളിലോ വീഴാത്ത എം.പിമാരാവണം. അങ്ങനെ ഉറപ്പുള്ളത് ഇടതുപക്ഷ എം.പിമാർക്കാണ്. കേരളത്തിൽ നിന്ന് പോകേണ്ട 20 പേരും ഇടതുപക്ഷക്കാരായിരിക്കണം. വയനാട്ടിൽ സി.പി.ഐ മത്സരിക്കും
ബാബറി പള്ളി പൊളിച്ചുമാറ്റിയ സ്ഥലത്ത് നിർമ്മിച്ച അമ്പലത്തിന്റെ ഉദ്ഘാടനത്തിന് ബി.ജെ.പി ക്ഷണിക്കുന്നത് രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമായാണ്. അത്തരം ക്ഷണങ്ങളെ സി.പി.ഐ തള്ളിക്കളയുന്നു. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല എന്നുപറയാൻ കോൺഗ്രസിന് ഇത്ര താമസമെന്താണ്. ഗവർണർ ബി.ജെ.പിയെ പ്രീതിപ്പെടുത്താൻവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. പാർലമെന്റിൽ പ്രതിഷേധിച്ചതിന് സസ്‌പെന്റ് ചെയ്യപ്പെട്ട തനിക്ക് അതിൽ ഭയപ്പാടില്ല. സസ്‌പെൻഷനെ ബഹുമതിയായി കാണുന്നു. കുറ്റം ഇനിയും ആവർത്തിക്കും.