തിരുവനന്തപുരം: ഇന്ത്യ ദരിദ്ര രാജ്യമാണെന്ന തെറ്റിദ്ധാരണ അകറ്റാൻ മലയാളികൾ ക്ലാസിക്കൽ കലാരൂപങ്ങൾ കാണണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദൃശ്യവേദിയുടെ 34-ാമത് നാട്യോത്സവം കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് കഥകളിയോളം സമ്പന്നമായ മറ്റൊരു കലാരൂപമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൃശ്യവേദി പ്രസിഡന്റ് പ്രൊഫ.സി.ജി.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.ശ്രീനിവാസൻ സംസാരിച്ചു. അഞ്ച് ആട്ടക്കഥകളാണ് ആറ് ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. ഇന്നലെ കോട്ടയ്ക്കൽ നാരായണൻ, മാർഗി പാർവതി, കലാമണ്ഡലത്തിലെ കലാകാരായ കൃഷ്ണകുമാർ, കൃഷ്ണദാസ്, അരുൺ രാജു, വിശാഖ്, വിശ്വാസ്, സായ് കൃഷ്ണ, രാജ് നാരായണൻ, ഗണേശൻ എന്നിവർ അർജുനൻ കേന്ദ്ര കഥാപാത്രമായ സുഭദ്രാഹരണം കഥകളി അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് 5.30ന് കിരാതം കഥകളി നടക്കും.