തിരുവനന്തപുരം; സഹജീവികളിൽ നിന്നു നമുക്ക് പലതും പഠിക്കാനുണ്ടെന്നും അതു മനസിലാക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നും മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ പറഞ്ഞു. സൂര്യ നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ച് സുഗതം പരിപാടിയിൽ ഗൗതമബുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കി പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ദുഃഖത്തിന്റെ കാരണം കണ്ടെത്താനിറങ്ങിയ ഗൗതമബുദ്ധന്റെ കണ്ണുതുറപ്പിച്ചത് 13 വയസുകാരി സുജാതയാണ്.അവൾ നൽകിയ ഭക്ഷണമാണ് ബുദ്ധന്റെ ജീവൻ നിലനിറുത്തിയത്. പിന്നീടാണ് അദ്ദേഹത്തിന് ബോധോദയം ഉണ്ടാകുന്നത്. മുതിർന്നവരെ ബഹുമാനിക്കണമെന്നത് പ്രകൃതിയുടെ ശരിയാണ്. അതാണ് ഇപ്പോൾ നഷ്ടമാകുന്നതെന്നും മുല്ലക്കര പറഞ്ഞു.