
തിരുവനന്തപുരം: മാനവീയം വീഥിയിൽ ക്യാമറയുള്ള സ്മാർട്ട് മാലിന്യ ശേഖരണ ബിൻ സ്ഥാപിച്ചു. ബംഗളൂരു കമ്പനിയായ നോവൽറ്റി സൊല്യൂഷൻസാണ് പുതിയ ബിൻ സ്ഥാപിച്ചത്. ബിന്നിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
ക്യാമറയുള്ള സ്മാർട്ട് മാലിന്യസംസ്കരണ ബിന്നെന്നുള്ള സവിശേഷതയുമുണ്ട്. ഭക്ഷണ മാലിന്യങ്ങൾ ഇതിൽ നിക്ഷേപിക്കാനാകില്ല.
പ്ളാസ്റ്റിക്ക് പേപ്പർ കപ്പ് എന്നിവ പോലുള്ള അജൈവമാലിന്യം മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. കമ്പനി പരീക്ഷണാടിസ്ഥാനത്തിലാണ് ബിൻ സ്ഥാപിച്ചത്. ഓട്ടോമാറ്റിക്ക് സെൻസർ ഉപയോഗിച്ചാണ് മാലിന്യം നിക്ഷേപിക്കാനുള്ള ഹോൾ തുറക്കുന്നതും അടയ്ക്കുന്നതും.
മുകളിലായാണ് വിവിധ സ്ഥലങ്ങളിലേക്ക് തിരിയുന്ന ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇത് റിമോട്ട് കൺട്രോൾ വഴി കമ്പനി കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ കാണാനാകും. ശബ്ദവും കൃത്യമായി ക്യാമറയിൽ പതിയും. ഫോൺ മുതലായവ ചാർജ്ജ് ചെയ്യുന്നതിന് നാല് യു.എസ്.ബി പോർട്ടുമുണ്ട്. രണ്ട് എൽ.ഇ.ഡി സക്രീനുകളും ഇതിലുണ്ട്. ഇതിൽ പരസ്യങ്ങൾ നൽകി അതിൽ നിന്ന് വരുമാനമുണ്ടാക്കാനാണ് ലക്ഷ്യം.
കമ്പനി തന്നെയാണ് മാലിന്യം മാറ്റുന്നതും ബിൻ വൃത്തിയാക്കുന്നതും. 2.5 ലക്ഷം രൂപ വരെ ബിന്നിന് ചെലവും വരും. നഗരത്തിലെ പലയിടത്തും ബിൻ സ്ഥാപിക്കുന്നതിന് വേണ്ടി കമ്പനി നഗരസഭയെ സമീപിച്ചിട്ടുണ്ട്. എന്നാൽ നഗരസഭ ഭരണസമിതിക്ക് ഇതിൽ അനുകൂല നിലപാടില്ല.