p

തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രനും, കെ ബി ഗണേശ്കുമാറും ഇന്ന് ചുതലയേൽക്കും. രാജ്ഭവനിൽ തയ്യാറാക്കിയിട്ടുള്ള ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന പ്രത്യേക പന്തലിൽ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ . മുഖ്യമന്ത്രി , മന്ത്രിമാർ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മുന്നണിയിലെ കക്ഷി നേതാക്കൾ, സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ കുടുംബാംഗങ്ങൾ ,പാർട്ടിപ്രവർത്തകർ എന്നിവർ പങ്കെടുക്കും.

കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റായ രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കേരള കോൺഗ്രസ് (ബി) നേതാവും നടനും

മുൻ മന്ത്രിയുമായ കെ.ബി ഗണേശ്കുമാർ 2001 മുതൽ പത്തനാപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്.

ഗണേശിനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം സർക്കാർ -ഗവർണർ പോര് രൂക്ഷമായ സാഹചര്യത്തിലാണ് ചടങ്ങ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.ഗണേശിന്റെയും കടന്നപ്പള്ളിയുടെയും വകുപ്പുകളിൽ സസ്‌പെൻസ് തുടരുകയാണ്. തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കും ഗതാഗത വകുപ്പ് ഗണേശ്കുമാറിനും നൽകാനാണ് സാദ്ധ്യത.

ഗണേശിന് സാംസ്‌ക്കാരിക വകുപ്പിന്റെ ഭാഗമായ സിനിമ കൂടി നൽകണമെന്ന ആവശ്യം കേരള കോൺഗ്രസ് (ബി) ഉന്നയിച്ചിട്ടുണ്ട്.