മെഡിക്കൽ കോളേജ്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിച്ച പ്രതി ജയിൽ ജീവനക്കാരനെ ആക്രമിച്ചു. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന് സമീപത്ത് കഴി‌ഞ്ഞ ദിവസമായിരുന്നു സംഭവം. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ റോയിയാണ് ജയിലിലെ ജീവനക്കാരനായ രജനീഷ് ജോസഫിനെ ആക്രമിച്ചത്. തടവുകാരെ ഓരോരുത്തരെയായി ഒ.പിയിൽ എത്തിക്കുന്നതിനിടയിൽ ഏറ്റവും അവസാനം കൊണ്ടുപോകേണ്ട റോയി വാനിനുള്ളിലിരുന്ന് ആശുപത്രിയിലെത്തുന്നവരോട് പണവും ബീഡിയും ആവശ്യപ്പെട്ടു. രജനീഷ് ജോസഫ് വാനിന്റെ വാതിലും ജനലുമടച്ച് ഇത് തടസപ്പെടുത്തിയതോടെ പ്രകോപിതനായ റോയി രജനീഷിനെ ആക്രമിച്ചു. ആക്രമണത്തിൽ ജീവനക്കാരന്റെ കഴുത്തിലുൾപ്പടെ പരിക്കേറ്റു. തുടർന്ന് രജനീഷ് ജോസഫ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ജീവനക്കാരന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും പൊലീസ് കേസെടുത്തു.