
ചെന്നൈ: തിരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭയുടെ അധികാരം പല ഗവർണർമാരും ഇല്ലാതാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന നൽകുന്ന അധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഗവർണർമാരുടെ പ്രവർത്തനം. തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി പ്രത്യേക സമ്മേളനത്തിനായി തയ്യാറാക്കിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നടനും പ്രതിപക്ഷ നേതാവുമായിരുന്ന വിജയകാന്തിന്റെ നിര്യാണത്തെ തുടർന്ന് ചടങ്ങ് റദ്ദാക്കിയതോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിണറായിയുടെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
നിയമസഭകൾ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർമാർക്ക് എന്താണ് അവകാശം. ബില്ലിൽ മറുവാദം ഉണ്ടെങ്കിൽ അത് വ്യക്തമാക്കി തിരിച്ചയയ്ക്കുകയാണ് ചെയ്യേണ്ടത്. കേരള ഗവർണർ എട്ടോളം ബില്ലുകൾ രണ്ടുവർഷകാലം പിടിച്ചുവച്ചു. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് നടപടിയെടുക്കാനും ബില്ലുകൾ തിരിച്ചയയ്ക്കാനും തയ്യാറായത്. ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. പെരിയാറും വൈക്കം ഉഗ്രരും എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു.