
#ഇന്ന് മഹാസമ്മേളനം ഉദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ
#നാളെ തീർത്ഥാടക സമ്മേളനം
ഉദ്ഘാടനം കേന്ദ്ര ധനമന്ത്രി
നിർമ്മല സീതാരാമൻ
#തീർത്ഥാടക ഘോഷയാത്ര
നാളെ രാവിലെ അഞ്ചിന്
ശിവഗിരി: അറിവിലൂടെ ജീവിത വിജയം നേടാൻ ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് നൽകിയ വര പ്രസാദമായ ശിവഗിരി തീർത്ഥാടന മഹാ സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും.
നാളെ രാവിലെ 5ന് തീർത്ഥാടക ഘോഷയാത്രയ്ക്ക് ശേഷം 10 ന് തീർത്ഥാടക സമ്മേളനം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യും.തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും.
ഗുരുദേവൻ 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനം, വൈക്കം സത്യഗ്രഹം, മഹാകവി കുമാരാനാശന്റെ ദേഹവിയോഗം എന്നിവയുടെ ശതാബ്ദി വർഷത്തിലാണ് 91-ാമത് ശിവഗിരി തീർത്ഥാടനമെന്നതാണ് പ്രധാന സവിശേഷത. ശിവഗിരി ഹൈസ്കൂളും ശതാബ്ദി നിറവിലാണ്. സർവ്വമത സമ്മേളന സ്മൃതിയുണർത്തി ആലുവാ അദ്വൈതാശ്രമത്തിൽ നിന്നു വൈക്കം സത്യാഗ്രഹ സ്മൃതിയുണർത്തി വൈക്കം ടി.കെ. മാധവൻ സ്‌ക്വയറിൽ നിന്നും മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷിക സ്മൃതി ഉണർത്തി പത്തനംതിട്ട ജില്ലയിൽ നിന്നും പുറപ്പെട്ട ഔദ്യോഗിക പദയാത്രകൾ ഇന്ന് ശിവഗിരിയിൽ എത്തിച്ചേരും. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മറ്രു സംസ്ഥാനങ്ങളിൽ നിന്നും തീർത്ഥാടന ദിവസങ്ങളിൽ ശ്രീനാരായണീയർ പദയാത്രയായി എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും തീർത്ഥാടനത്തിന്റെ ഭാഗമാവും.
ഗുരുദേവൻ തീർത്ഥാടന ലക്ഷ്യത്തിനായി കൽപ്പിച്ചരുളിയ എട്ടു വിഷയങ്ങളെ അധികരിച്ചുള്ളവ ഉൾപ്പെടെ ഒമ്പത് സമ്മേളനങ്ങളാണ് തീർത്ഥാടന കാലയളവിൽ നടക്കുന്നത്. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, സംസ്ഥാന മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ്,വീണാ ജോർജ്, സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ് സോമനാഥ്, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, എം.പിമാർ, എം.എൽ.എമാർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖർ സമ്മേളനങ്ങളിൽ പങ്കെടുക്കും.
നാളെ രാവിലെ അഞ്ചിന് തീർത്ഥാടക ഘോഷയാത്ര. അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് ഭക്തജനങ്ങൾ അകമ്പടി സേവിച്ച് ശിവഗിരി പ്രാന്തം, മൈതാനം റെയിൽവെ സ്റ്റേഷൻ വഴി തിരികെ മഹാസമാധി പീഠത്തിൽ എത്തിച്ചേരും.