ck

മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാരായ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ഒഴിവാക്കിയത് ഇന്ത്യയുടെ നയതന്ത്ര തലത്തിലുള്ള ഇടപെടലിന്റെ വിജയമാണ്. അതിൽ നിർണായക പങ്ക് വഹിച്ചതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അടുത്തിടെ ദുബായിൽ പോയപ്പോൾ മോദി ഖത്തർ അമീർ ഷെയ്‌ഖ് തമീം നിൻ ഹമദ് അൽത്താനിയുമായി കൂടിക്കാഴ്ച നടത്തുകയും ഈ വിഷയം ചർച്ചചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് നാവികരുമായി സംസാരിക്കാൻ ഇന്ത്യൻ അംബാസിഡറെ അനുവദിച്ചതും അപ്പീൽ കോടതി വധശിക്ഷ റദ്ദാക്കിയതും. എന്നാൽ വധശിക്ഷയ്ക്കു പകരം ഇവരെ ദീർഘകാലത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിലും നയതന്ത്ര ഇടപെടൽ ആവശ്യമാണ്. അതു ഫലിച്ചാൽ ശിക്ഷാ കാലാവധിയും കുറഞ്ഞേക്കും. ഇനി ശിക്ഷിച്ചാൽത്തന്നെ,​ ഇന്ത്യയും ഖത്തറും തമ്മിൽ തടവുകാ‌രെ കൈമാറുന്നതിനുള്ള ഉടമ്പടി ഒപ്പുവച്ചിട്ടുള്ളതിനാൽ ഇവരെ ഇന്ത്യയ്ക്ക് കൈമാറാം.

ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തുന്ന യുദ്ധത്തെ ഇന്ത്യ അപലപിക്കാത്ത സാഹചര്യത്തിൽ ഇന്ത്യൻ നാവികരുടെ വധശിക്ഷ നടപ്പാക്കപ്പെടുമെന്ന് അഭ്യൂഹം പടർന്നിരുന്നു. ഇവരുടെ ബന്ധുക്കൾ അതിനാൽത്തന്നെ കടുത്ത ഉത്കണ്ഠയിലും ദുഃഖത്തിലുമായിരുന്നു. അതിനെല്ലാം വിരാമമിട്ടുകൊണ്ട് വധശിക്ഷ ഒഴിവായിക്കിട്ടിയത് അധികം താമസിയാതെ തന്നെ ഇവരുടെ മോചനത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കാനും അവസരം നൽകുന്നു.

ദോഹയിലെ സ്വകാര്യ സൈനിക പരിശീലന കമ്പനിയിലാണ് ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ചശേഷം ഈ എട്ടുപേരും ജോലിചെയ്തിരുന്നത്. 2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപണത്തിന്റെ പേരിൽ ഇവർ അറസ്റ്റിലായത്.

നാവികസേനയിൽ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാറാണ് ഈ എട്ടംഗ സംഘത്തിലെ ഒരാൾ. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമ്മിക്കുന്ന അന്തർവാഹിനി സംബന്ധിച്ച രഹസ്യങ്ങൾ ഇവർ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റമെന്തെന്ന് ഇതുവരെ ഖത്തറോ ഇന്ത്യയോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരന്തരം നടത്തിയ ഇടപെടലുകളും വെളിപ്പെടുത്തിയിരുന്നില്ല. കാരണം,​ വിവരങ്ങൾ ചോരുന്നത് തീവ്രവാദ സംഘടനകൾ പോലും മുതലെടുക്കാൻ ഇടയാക്കിയിരുന്നു. അതിനാൽ വളരെ ശ്രദ്ധിച്ചും അവധാനതയോടും കൂടിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

പശ്ചിമേഷ്യയിലെ സങ്കീർണമായ സാഹചര്യങ്ങൾക്കിടയിലും ഖത്തർ ഇന്ത്യയ്ക്കു നൽകുന്ന പ്രാധാന്യമാണ് നാവികരുടെ വധശിക്ഷ ഒഴിവായ നടപടിയിലൂടെ വെളിപ്പെടുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് കടുത്ത ശിക്ഷയാണ് സാധാരണഗതിയിൽ ഗൾഫ് രാജ്യങ്ങൾ നൽകുന്നത്. ഒരിക്കൽ ശിക്ഷ നൽകിയാൽ അതിൽ നിന്ന് പിന്നാക്കം പോകുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പാകിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാവികരെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്. അതെന്തായാലും നയതന്ത്ര തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ചകൾ തുടരണം. ശിക്ഷ നേരിട്ടവർക്ക് തുടർന്നും നയതന്ത്ര, നിയമ സഹായങ്ങൾ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ഖത്തറും സുഹൃദ് രാജ്യങ്ങളും അതിലുപരി വലിയ വ്യാപാര പങ്കാളികളുമായതിനാൽ ഇവരുടെ മോചനത്തിന് വഴിതെളിയുമെന്നു തന്നെ പ്രതീക്ഷിക്കാം.