തിരുവനന്തപുരം: പദ്ധതികളുടെ ഭാഗമായി പഠനങ്ങൾ മാത്രം നടത്തുകയും നടപടികൾ മറക്കുകയും ചെയ്യുന്ന നഗരസഭ പുതിയ പഠനത്തിന് തയ്യാറെടുക്കുന്നു. നഗരത്തിൽ മഴവെള്ളമൊഴുകുന്ന ഓടകളുടെ സർവേയാണ് പുതുതായി നടത്താൻ പോകുന്നത്. മുൻകാലങ്ങളിലെ സർവേയൊക്കെ തള്ളിക്കളഞ്ഞാണ് പുതിയ പഠനം.
നഗരത്തിൽ വെള്ളപ്പൊക്കം തുടർക്കഥയാകുന്ന സാഹചര്യത്തിലാണിത്. വെള്ളപ്പൊക്ക ലഘൂകരണത്തിനു വേണ്ടിയുള്ള പരിഹാരനടപടി പഠനത്തിന് റൂർക്കി ഐ.ഐ.ടിയേയാണ് നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഓടകളുടെ സർവേയും ഇവർ തന്നെ ചെയ്യണമെന്ന നിർദ്ദേശമാണുയരുന്നത്. എന്നാൽ ഇവർ ആവശ്യപ്പെടുന്ന വിവരങ്ങൾ ശേഖരിക്കുന്നത് നഗരസഭയ്ക്ക് സങ്കീർണമായതിനാൽ മറ്റ് ഏജൻസികളെ വച്ച് സർവേ നടത്തുന്നതും പരിഗണനയിലാണ്. റോഡ് ഫണ്ട് ബോർഡ്,പി.ഡബ്ലിയു.ഡി,റെയിൽവേ,ജലസേചന വകുപ്പ്,നഗരസഭ എന്നിവയുടെ ഓടകളാണ് നഗരത്തിലുള്ളത്. ഇത് ആയിരത്തോളമുണ്ടെന്നാണ് നഗരസഭയുടെ കണക്ക്.
പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങളും ജലം ഒഴുകിപ്പോകാനുള്ള സംവിധാനക്കുറവുമാണ് ചെറിയ മഴ പെയ്യുമ്പോൾ പോലും നഗരം വെള്ളത്തിലാകുന്നതിന്റെ പ്രധാന കാരണമെന്നാണ് റൂർക്കി ഐ.ഐ.ടിയും ചൂണ്ടിക്കാണിക്കുന്നത്.
നേരിട്ടുള്ള ചർച്ച ജനുവരി ആദ്യം
റൂർക്കി ഐ.ഐ.ടി പ്രതിനിധികളുമായുള്ള ആദ്യ ചർച്ച അടുത്തയാഴ്ച നടക്കും. ആർക്കിടെക്ചർ ആൻഡ് പ്ളാനിംഗ് വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഉത്തംകുമാർ റോയ് ഉൾപ്പെടുന്ന സംഘമാണ് തലസ്ഥാനത്തെത്തി ചർച്ച നടത്തുക. തലസ്ഥാനത്തിന്റെ രേഖാചിത്രമടങ്ങുന്ന വിവരങ്ങൾ റൂർക്കി ഐ.ഐ.ടിക്ക് നഗരസഭ കൈമാറിയിട്ടുണ്ട്. കേരള റോഡ് ഫണ്ട് ബോർഡ്,ഇറിഗേഷൻ വകുപ്പ്,വാട്ടർ അതോറിട്ടി,സ്മാർട്ട് സിറ്റി,കെ.എസ്.ഇ.ബി റവന്യു,പൊതുമരാമത്ത്,റെയിൽവേ ഉൾപ്പെടുന്ന വകുപ്പുകളുമായി ഐ.ഐ.ടി പ്രതിനിധികൾ ചർച്ച നടത്തും.
മുൻ സർവേയിൽ 60
വെള്ളപ്പൊക്ക സ്‌പോട്ടുകൾ
നഗരസഭയും ഇറിഗേഷൻ വകുപ്പും ചേർന്ന് മുമ്പ് നടത്തിയ സർവേയിൽ 60 വെള്ളപ്പൊക്ക സ്‌പോട്ടുകൾ കണ്ടെത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. മാഞ്ഞാലിക്കുളം,ചാല മാർക്കറ്റ് റോഡ്,ഇടപ്പഴിഞ്ഞി-ജഗതി റോഡ്,കണ്ണമ്മൂല പാലം,ഈഞ്ചയ്‌ക്കൽ-വള്ളക്കടവ്,കമലേശ്വരം-തിരുവല്ലം, കുണ്ടമൺകടവ്-കരിംകുളം,കലാകൗമുദി റോഡ്,ഗൗരീശപട്ടം,പൈപ്പിൻമൂട്-ഗോൾഫ് ലിങ്ക്സ് തുടങ്ങിയ പ്രധാന റോഡുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാർവതി പുത്തനാറിൽ ചേരുന്ന തെക്കനക്കര കനാലിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതും വെള്ളപ്പൊക്കത്തിന് കാരണമാണ്. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ അഞ്ച് സെന്റിമീറ്റർ വരെ വെള്ളം ഉയരാറുണ്ട്. റോഡിന്റെ ചരിവുകൾ ഒരുപോലെയല്ലാത്തതാണ് ഇവിടുത്തെ വെള്ളക്കെട്ടിന് കാരണം.