മുണ്ടക്കയം: പാർസൽ ഏജൻസിയിൽ നിന്ന് മോഷ്ടിച്ചെന്നാരോപിച്ച് ജീവനക്കാരനായ വേലനിലം പാലക്കുന്നേൽ അഫ്‌സലിനെ (28) നഗ്നനാക്കി പൊലീസ് മർദ്ദിച്ചതായി പരാതി. പരുക്കുകളോടെ അഫ്സലിനെ 35-ാംമൈലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 31-ാം മൈലിലെ ഓൺലൈൻ പാർസൽ ഏജൻസി ജീവനക്കാരനാണ് അഫ്സൽ. രാവിലെ ഏജൻസിയി ഓഫീസിലെത്തി പരിശോധിക്കുന്നതിനിടെയാണ് ലോക്കർ തുറന്നുകിടക്കുന്നത് കണ്ടത്. ഉടനെ ഉടമയെ വിവരം അറിയിച്ചു. ഇരുവരും ചേർന്നു മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തി. പിന്നീട് അഫ്‌സലിനെ സ്റ്റേഷനിൽ ഇരുത്തിയശേഷം എസ്.ഐ.യോടൊപ്പം ഉടമയും ഏജൻസി ഓഫീസിൽ പോകുകയും ഉടൻ നെ തിരികെ എത്തി അഫ്‌സലിനെ സി.സി.ടി.വി.കാമറയില്ലാത്ത മുറിയിലേക്ക് മാറ്റിയ ശേഷം മർദ്ദിച്ചെന്നാണ് പരാതി. കണ്ടാലറിയുന്ന നാലു പൊലീസുകാർ നിരവധി തവണ മുഖത്തടിക്കുകയും, കൈകൾ പിന്നോട്ടു കെട്ടി മുതുകിൽ മർദ്ദിച്ചെന്നുമാണ് പരാതി. പിന്നീട് പൂർണനഗ്നനാക്കുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തതായി അഫ്‌സൽ പറയുന്നു. ഇതിനിടിയൽ മുറിയിലേക്ക് വന്ന സി.ഐ.യോടു തന്നെ പൊലീസുകാർ മർദ്ദിച്ച വിവരം അറിയിച്ചിരുന്നു. രാവിലെ 9 മണിക്ക് പൊലീസ് സ്റ്റേഷനിൽ വന്ന തന്നെ വൈകിട്ട് 5വരെ പലതവണ പൊലീസുകാർ മർദ്ദിച്ചു. പിന്നീട് രണ്ട് ലക്ഷം രൂപ ജനുവരി എട്ടിനുള്ളിൽ നൽകാമെന്ന് എഴുതി വപ്പിച്ച ശേഷമാണ് വിട്ടതെന്നും പരാതിയിൽ പറയുന്നു. യുവാവിന്റെ വയറിനും ,പുറത്തും മർദ്ദനത്തിൽ ചതവുണ്ടായിട്ടുണ്ടന്നും ഇയാളെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. യുവാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണന്ന് സി.ഐ. എ.ഷൈൻ കുമാർപറഞ്ഞു.