തൃക്കരിപ്പൂർ: കൊയോങ്കര സ്വദേശിയും ഫുട്ബാൾ താരവുമായിരുന്ന അഭിജിത്തിന്റെ (24) മരണവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കൊയോങ്കരയിലെ കെ. ധനേഷ് (24), കെ. ജയൻ (42), എടാട്ടുമ്മൽ സ്വദേശി ഉല്ലാസ് (35) എന്നിവരെയാണ് ചന്തേര സി.ഐ ജി.പി. മനു രാജ് അറസ്റ്റു ചെയ്തത്. കൊയോങ്കരയിലെ കെ.ജനാർദ്ദനന്റെ മകൻ അഭിജിത്തിനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാരോളത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണ പ്പെട്ടത്. അഭിജിത്തിന്റെ സുഹൃത്ത് നാറോത്ത് വീട്ടിൽ ജീവസ് ചന്ദ്രന്റെ പരാതിയിയെ തുടർന്നാണ് പൊലീസ് നടപടി. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി കൊയോങ്കര ആയുർവ്വേദ ആശുപത്രി പരിസരത്ത് സൈക്കിൾ യജ്ഞം നടക്കുന്ന സ്ഥലത്ത് വച്ച് അഭിജിത്തിന് മർദ്ദനമേറ്റിരുന്നു. .നേരത്തെയുണ്ടായ സംഭവത്തിന്റെ തുടർചയായെന്നോണം ഒരു സംഘം അഭിജിത്തിനെ മർദ്ദിക്കുകയായിരുന്നുവത്രെ. തലക്ക് സാരമായി പരിക്കേറ്റ ആഭിജിത്തിനെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നും രാത്രി 12 മണിയോടെ വീട്ടിൽ തിരിച്ചെത്തിയ അഭിജിത്തിനെയാണ് അടുത്ത ദിവസം രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്.