പാലക്കാട്: ആന്ധ്രാപ്രദേശിലെ നിന്ന് കൊണ്ടുവരികയായിരുന്ന 77.786 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്‌കുമാർ എന്നിവരാണ് വാളയാർ പൊലീസും ലഹരി വിരുദ്ധ സ്വകാഡും ഇന്നലെ ഉച്ചയോടെ വാളയാറിൽ വാഹനപരിശോധനക്കിടെ പിടികൂടിയത്.
സ്വിഫ്റ്റ് കാറിന്റെ രഹസ്യ അറയിൽ കയറ്റിയാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ, കാറിലുണ്ടായിരുന്ന ആന്ധ്രാ രജിസ്‌ടേഷൻ വ്യാജ നമ്പർ പ്ലേറ്റ് എന്നിവ പൊലീസ് പിടിച്ചെടുത്തു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില്ലറ വിൽപനക്കാർക്കായി പതിവായി കഞ്ചാവ് നൽകിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസ്-ന്യൂയർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വ്യാപകമായുള്ള ലഹരി ഒഴുക്ക് തടയുന്നതിന് എസ്.പിയുടെ നിർദേശാനുസരണം പ്രത്യേക പൊലീസ് സ്വകാഡും എക്‌സൈസ് ജില്ലാ ലഹരി വിരുദ്ധ സ്വകാഡും ചെക്ക് പോസ്റ്റുകളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസും എക്‌സൈസും അറിയിച്ചു.