വക്കം: ആക്രമണകാരിയായ വളർത്തുനായ്‌ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിവന്ന മൂന്ന് യുവാക്കളെ ഡാൻസാഫ് ടീമും കടയ്ക്കാവൂർ പൊലീസും പിടികൂടി. കവലയൂർ കൊടിതൂക്കിക്കുന്ന് അങ്കണവാടിക്ക് സമീപം ശശികലാ ഭവനിൽ താമസിക്കുന്ന നീലൻ എന്ന ഷൈൻ (31), സുഹൃത്തുക്കളായ ആറ്റിങ്ങൽ അവനവഞ്ചേരി ഇടയ്ക്കോട് പള്ളിക്ക് സമീപം താമസിക്കുന്ന രാഹുൽ (23), കരവാരം നെടുമ്പറമ്പ് സ്വദേശി ബിജോയി (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഷൈനിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.
ഈ കേസിലെ പ്രധാന പ്രതിയായ ഷൈൻ കൈയിലും വീട്ടിലും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരി വസ്‌തുക്കളാണ് ഡാൻസാഫ് ടീമും കടയ്ക്കാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. വിദ്യാർത്ഥികളെയും വിദേശികളെയും ലക്ഷ്യമിട്ടായിരുന്നു കച്ചവടം. ലഹരി വസ്തുക്കൾ ചെറിയ പൊതികളാക്കിയാണ് സൂക്ഷിച്ചിരുന്നത്. 10.10 ഗ്രാം എം.ഡി.എം.എ, 650 ഗ്രാം കഞ്ചാവ്, 1,30 ലക്ഷം രൂപയും, ഒ സി.ബി പേപ്പർ, നാല് മൊബൈൽ, ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, അളവ് ത്രാസ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസിന് നേരെ ആക്രമണ സ്വഭാവമുള്ള ഏഴ് വളർത്തുനായ്ക്കൾ ചാടുകയായിരുന്നു.
നായ്‌ക്കളെ അന്വേഷണസംഘം തന്ത്രപൂർവം മുറിക്കുള്ളിൽ പൂട്ടിയശേഷമാണ് അവിടെയുണ്ടായിരുന്ന മൂന്നുപേരെയും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അടുത്തിടെ നിരവധി യുവാക്കൾ ഇവിടെ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ സജിത്ത്, ശ്രീകുമാർ, എസ്.സി.പി.ഒമാരായ സിയാദ്, ആദർശ് ഇന്ദ്രജിത്ത്, ഡാൻസാഫ് ടീമംഗമായ ദ്വിലീപ്, സുനിൽ എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.