
കാട്ടാക്കട: കാട്ടാക്കടയിലെ ആദ്യകാല വ്യാപാരിയും ദേവി ടെക്സ്റ്റയിൽസ് ആൻഡ് ഒാഡിറ്റോറിയം ഉടമയുമായ കാട്ടാക്കട ദേവി നിവാസിൽ പി. വാസവൻനായർ(77-മണിക്കുട്ടൻ)ക്ക് കാട്ടാക്കടയുടെ അന്ത്യാഞ്ജലി. നൂറ് വർഷത്തോളം പാരമ്പര്യമുള്ള ദേവി ടെക്സ്റ്റയിൽ തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ പിതാവായ പരമേശ്വരൻ പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം കാട്ടാക്കടയിൽ ആറ് പതിറ്റാണ്ടുകാലത്തിലേറെയായി വസ്ത്ര വ്യാപാര മേഖലയിലെ സജീവ സാന്നിദ്ധ്യമായിരുന്നു മണിക്കുട്ടയണ്ണന്റെ സ്ഥാപനം. ഇതിന് പുറമേ വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാക്കട യൂണിറ്റ് ട്രഷറർ, ഭാരവാഹി,രക്ഷാധികാരി, കാട്ടാക്കട ലയൺസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി,ഭാരവാഹി തുടങ്ങിയ നിലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.
എം.എൽ.എമാരായ ജി.സ്റ്റീഫൻ,ഐ.ബി.സതീഷ്,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ,വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് നവോദയകൃഷ്ണൻകുട്ടി, എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ്, കാട്ടാക്കട താലൂക്ക് യൂണിയൻ ഭാരവാഹികളായ യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സി.വേണു(കാട്ടാക്കട),സി.ജ്യോതിഷ് കുമാർ(അരുവിക്കര),മുൻ ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.