
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്നതിൽ നിലപാടെടുക്കാതെ കോൺഗ്രസ് പാപ്പരത്തം കാട്ടുന്നെന്നും ഇത് ഇന്ത്യാ മുന്നണിയെ പ്രയാസത്തിലാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരായ മതനിരപേക്ഷ ഐക്യമാണ് മുന്നണിയുടെ അടിസ്ഥാനം. അത് ഇല്ലാതാക്കുന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്. ഇതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രാരാധന വ്യക്തികളുടെ അവകാശമാണെന്നാണ് സി.പി.എം നിലപാട്. അതേസമയം വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബാബ്റി മസ്ജിദ് തകർത്ത് അവിടെ സർക്കാരിന്റെ നേതൃത്വത്തിൽ ക്ഷേത്രം പണിയുന്നത് ശരിയല്ല. അയോദ്ധ്യ വിഷയത്തിലെ ലീഗ് നിലപാട് മുന്നണിയുടെ ഭാഗമായതു കൊണ്ടാകാം. ഇത് ലീഗിനെ ദുർബലപ്പെടുത്തും. ഇതിൽ ലീഗിനുള്ളിൽ എതിർപ്പുണ്ട്.
നവകേരള സദസുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ചിലർ നിയമം കൈയിലെടുത്തത് ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞതിൽ വിവാദമൊന്നുമില്ല. അതേ നിലപാടാണ് സി.പി.എമ്മിനുമുള്ളത്.
ലെനിൻ ജന്മശതാബ്ദിയോടനുബന്ധിച്ച് ജനുവരി 21 മുതൽ ഒരാഴ്ച വിവിധ പരിപാടികൾ നടത്തും. ജില്ലാതലത്തിൽ പഠന, ഗവേഷണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സെമിനാറുകളുണ്ടാകും.