തിരുവനന്തപുരം: അരങ്ങൊഴിഞ്ഞ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും അന്ത്യാഞ്ജലി. ഇന്നലെ രാവിലെ 10ന് മൃതദേഹം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പൊതുദർശനത്തിന് വച്ചു. പിന്നണിയിൽ പ്രശാന്തിന്റെ പ്രിയപ്പെട്ട കഥകളി സംഗീതമുണ്ടായിരുന്നു. ഒട്ടേറെ നാടകക്കളരികൾക്കും ശില്പശാലകൾക്കും പ്രശാന്ത് നേതൃത്വം നൽകിയ ഇടമായിരുന്നു ഇത്. ഏപ്രിലിൽ 'ആകാശം' എന്ന നാടകശില്പശാലയായിരുന്നു അവസാനത്തേത്.

'പ്രശാന്തുമായി വർഷങ്ങളുടെ ബന്ധമുണ്ട്. പുതിയ നാടകത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഈ വിടവാങ്ങൽ..' നടൻ എം.ആർ.ഗോപകുമാർ പറഞ്ഞു. സീനിയർ-ജൂനിയർ വേർതിരിവില്ലാത്ത നാടകാചാര്യന്റെ വിയോഗത്തിൽ ശിഷ്യരും തേങ്ങി. കൊച്ചിയിൽ എം.ടി.വാസുദേവൻ നായരുടെ കഥകൾ കൂട്ടിയിണക്കിയ 'മഹാസാഗരം' എന്ന നാടകമായിരുന്നു അവസാന വേദി. മന്ത്രിമാരായ വി.ശിവൻകുട്ടി,ചിഞ്ചുറാണി, നടനും ബന്ധുവുമായ ശങ്കർ രാമകൃഷ്ണൻ, നടൻ മുകേഷ്, നാടകപ്രവർത്തകരായ ഡി.രഘൂത്തമൻ, കൃഷ്ണാ ബാലകൃഷ്ണ, കാലീഗ്രാഫർ നാരായണ ഭട്ടതിരി, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, ഗായകൻ ഇഷാൻ, സംവിധായകൻ ശ്യാമപ്രസാദ്, നടൻ ജയകൃഷ്ണൻ, കവി പ്രഭാവർമ്മ, പ്രൊഫ.അലിയാർ, എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ തുടങ്ങിയവർ വൈലോപ്പിള്ളിയിൽ അന്തിമോപചാരം അർപ്പിക്കാനെത്തി.

മകൾ നാരായണി അന്ത്യകർമ്മങ്ങൾ ചെയ്‌തു. ഭാര്യ കലാ സാവിത്രി, മക്കൾ നിതിൻ, നിഖിൽ, മരുമകൾ ശ്രുതി എന്നിവരുമുണ്ടായിരുന്നു. ഉച്ചയ്ക്ക് 1ന് മൃതദേഹം സഹോദരൻ അശോക് കുമാറിന്റെ കാലടിയിലുള്ള വസതിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. 3.30ന് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. വൈകിട്ട് വൈലോപ്പിള്ളിയിൽ നാടകപ്രവർത്തകരുടെ നേതൃത്വത്തിൽ അനുസ്‌മരണം നടന്നു.