sivagiri-adoorprakash

ശിവഗിരി : ജനലക്ഷങ്ങളെ അറിവിലേക്ക് കൈപിടിച്ചുയർത്താൻ ഗുരു രാജ്യത്തുടനീളം ക്ഷേത്രങ്ങളോട് ചേർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏർപ്പെടുത്തുകയും ഇംഗ്ലീഷിനും സംസ്കൃതത്തിനും പ്രാധാന്യം നൽകുകയും ചെയ്തതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന മാറുന്ന വിദ്യാഭ്യാസം ഒരു വിചിന്തനം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവൻ വിദ്യയെ സമയെന്നും വിഷമയെന്നും രണ്ടായി തിരിച്ചു. സമ ഏകത്വബോധം നൽകുന്നു. വിഷമ നാനാത്വ ബോധവും. വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ എന്ന ഉപദേശത്തിൽ ഏകത്വബോധമായ സമയിലലിഞ്ഞു കലർന്നിടണമെന്നാണ് ഗുരു വിവക്ഷിച്ചിരിക്കുന്നതെന്നും സ്വാമി.സച്ചിദാനന്ദ പറഞ്ഞു.

. നമ്മുടെ കുട്ടികൾ പുതിയ മേഖലകളിലേക്ക് കടന്നു വരുന്നതിനുള്ള സാഹചര്യം ഇവിടെ ഉണ്ടാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അടൂർ പ്രകാശ് എം. പി പറഞ്ഞു. വിദ്യാർഥികൾ മാറുന്ന കാലത്തിനനുസരിച്ച് പുതിയ അറിവുകൾ

തേടി സംസ്ഥാനത്തിന് പുറത്തേക്ക് പോവുകയാണ്. പുതിയ തലമുറയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ സമ്പ്രദായം ഗുരുദേവ ചിന്തയിലൂടെ രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

. മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. . ശിവഗിരി എയ്ഡഡ് സ്കൂൾ കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ, സ്വാമി പ്രബോധ തീർത്ഥ, ഡോ. പി.കെ. സുകുമാരൻ, ഡോ. എം ജയപ്രകാശ് ഡോ. കെ സാബുക്കുട്ടൻ ഒ.വി കവിത, ജെ.നിമ്മി, വി. പ്രമീളാദേവി, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവരും പങ്കെടുത്തു. ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി ഹൈസ്കൂളിന്റെ ശതാബ്ദിയും ഗുരുദേവ ശിഷ്യൻ സ്വാമി ശ്രീനാരായണ തീർത്ഥർ സ്ഥാപിച്ച കോട്ടയം കുറിച്ചിയിലെ എച്ച് എസ് എസിന്റെ നവതി ആഘോഷ സമ്മേളനവും സംയുക്തമായാണ് നടന്നത്. സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ വിതരണം ചെയ്തു.