
തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെ. നിലവിലെ സ്വകാര്യ സോഫ്റ്റ്‌വെയർ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതിയാണ് കെ സ്മാർട്ട്. ജനുവരി ഒന്നിനാണ് ഉദ്ഘാടനം.
ആറുവർഷം നീണ്ട തർക്കത്തിനും നിയമപോരാട്ടത്തിനും ഒടുവിലാണ് കെട്ടിട അപേക്ഷകൾ സർക്കാർ സോഫ്റ്റ്‌വെയറിലേക്ക് മാറുന്നത്. 2016 മുതൽ പൂനെയിലെ സോഫ്‌ടെക് കമ്പനിയുടെ ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്‌റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നത് നിറുത്തി. ഇതുവരെ ലഭിച്ച അപേക്ഷകൾ ഈമാസം തീർപ്പാക്കും.
കോഴിക്കോട് ഒഴികെയുള്ള കോർപ്പറേഷനുകളിലും 84 മുനിസിപ്പാലിറ്റികളിലുമാണ് സ്വകാര്യ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ സ്വന്തമായി വികസിപ്പിച്ച 'സുവേഗ'യും പഞ്ചായത്തുകളിൽ 'സങ്കേതം' സോഫ്റ്റുവെയറുമാണ് ഉപയോഗിക്കുന്നത്. സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയുടെ ജീവനക്കാർ അപേക്ഷകൾ പരിശോധിച്ചശേഷമാണ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2017ൽ ഓൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്വകാര്യ സോഫ്റ്റ്‌വെയർ താത്കാലികമാണെന്ന് സർക്കാർ അറിയിച്ചിരുന്നു. പഞ്ചായത്തുകളിൽ കെ സ്മാർട്ട് ഏപ്രിൽ ഒന്നുമുതലാകും നടപ്പാക്കുക. ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) കെ സ്മാർട്ട് സോഫ്റ്റ് വെയർ വികസിപ്പിച്ചത്.
മിനിട്ടുകൾക്കുള്ളിൽ പെർമിറ്റ്
3000 സ്‌ക്വയർ ഫീറ്റിനുള്ളിലും പരമാവധി ഉയരം 10 മീറ്ററുമായ ലോ റിസ്ക് കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് കെ സ്മാർട്ടിലൂടെ മിനിട്ടുകൾക്കുള്ളിൽ പെർമിറ്റ് ലഭ്യമാക്കും. 3000 സ്ക്വയർഫീറ്റിന് മുകളിൽ ഉദ്യോഗസ്ഥർകൂടി പരിശോധിച്ചശേഷമാകും നൽകുക.
കെട്ടിടനിർമ്മാണ അപേക്ഷകൾ സ്വകാര്യ ഏജൻസി പരിശോധിക്കുന്നത് നിയമവിരുദ്ധമാണ്. അതിനെതിരായ പോരാട്ടമാണ് ഫലം കണ്ടത്.-കവടിയാർ ഹരികുമാർ
പ്രസിഡന്റ്, ഓൾ കേരള ബിൽഡിംഗ്
ഡിസൈനേഴ്സ് ഓർഗനൈസേഷൻ
കെ സ്മാർട്ടിലൂടെ മിനിട്ടുകൾക്കുള്ളിൽ പെർമിറ്റ് ലഭിക്കും. മുന്നൊരുക്കങ്ങൾ പൂർത്തിയായി.
-ഡോ.സന്തോഷ് ബാബു
ചീഫ് മിഷൻ ഡയറക്ടർ
ഐ.കെ.എം