kseb

തിരുവനന്തപുരം: സ്വന്തം ഉത്തരവിലൂടെ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുതിയ ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടേയും താൽപര്യം പരിഗണിച്ചാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കരാർ നടപ്പാക്കി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചു.ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും.

എന്നാൽ, റദ്ദാക്കിയപ്പോഴത്തെ നിരക്കിൽ ബന്ധപ്പെട്ട കമ്പനികൾ വൈദ്യുതി നൽകുമോ എന്നത് കണ്ടറിയണം.

ജിൻഡാൽ,ജാബുവ,ജിൻഡാൽ തെർമ്മൽ പവർ തുടങ്ങി മൂന്ന് കമ്പനികളാണ് 465 മെഗാവാട്ട് നൽകി വന്നത്. 115 മെഗാവാട്ട് 4 രൂപ 15 പൈസയ്ക്കും 350 മെഗാവാട്ട് 4 രുപ 29 പൈസയ്ക്കുമായിരുന്നു നൽകിയിരുന്നത്. കരാർ റദ്ദാക്കിയപ്പോൾ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. ക്ഷണിച്ച പുതിയ ടെൻഡറുകളിൽ 7 രൂപ 80 പൈസ മുതൽ 8 രൂപ 88 വരെയാണ് മറ്റു കമ്പനികൾ ആവശ്യപ്പെട്ടത്. ഇതോടെയാണ് പഴയ കരാറിലേക്ക് മടങ്ങാൻ സർക്കാരും കെ.എസ്.ഇ.ബിയും തീരുമാനിച്ചത്. മന്ത്രിസഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കരാറുകൾ പുനഃസ്ഥാപിക്കാൻ സംസ്ഥാനസർക്കാർ നിർദ്ദേശിച്ചത്.

കഴിഞ്ഞ മേയ് മാസത്തിലാണ് റെഗുലേറ്ററി കമ്മിഷൻ 465 മെഗാ വാട്ട് വൈദ്യുത കരാറുകൾ റദ്ദാക്കിയത്. ആര്യാടൻ മുഹമ്മദിന്റെ കാലത്തേയുള്ള കരാറുകളാണ്. നടപടികൾ പാലിച്ചില്ലെന്ന കാരണത്താലാണ് റദ്ദാക്കിയത്. മഴ കുറയുകയും വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരികയും ചെയ്തതോടെയാണ് ദീർഘകാല കരാർ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്.