തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ സംരക്ഷണ ഭിത്തി ചരിഞ്ഞതിനെ തുടർന്ന് എട്ടടിയോളം ആഴത്തിൽ ഇടിഞ്ഞുതാഴ്ന്ന കണ്ണമ്മൂല-കാക്കോട് റോഡിന്റെ നവീകരണം ഇഴയുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 12ഓടെയാണ് റോഡിന്റെ അനന്തപുരി ലെയ്ൻ എന്ന ഭാഗത്തെ റോഡ് ഇടിഞ്ഞുതാഴ്ന്നത്. റോഡ് ഇടിഞ്ഞതോടെ മൂന്ന് വൈദ്യുത പോസ്റ്റുകളും ചരിഞ്ഞിരുന്നു.

ഇടിഞ്ഞുതാഴ്ന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും നവീകരണം ആരംഭിച്ചിട്ടില്ല. റോഡ് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള കാൽനടയും ദുർഘടമാണ്. 50ഓളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന റോഡ് ഇടിഞ്ഞതോടെ അവരും കഷ്ടപ്പെടുകയാണ്. റോഡിൽ ആദ്യം മണ്ണുനിറച്ച് സഞ്ചാര്യയോഗ്യമാക്കണം. അതുകഴിഞ്ഞ് ഇടിഞ്ഞ ഭാഗത്തെ മണ്ണ് പരിശോധിച്ച ശേഷമാകും സംരക്ഷണ ഭിത്തി പുതുക്കിപ്പണിയുക. സംരക്ഷണ ഭിത്തി ഏത് സമയവും വീഴാറായ സ്ഥിതിയിലായതോടെ. കാൽനട യാത്രക്കാർ പോലും ഭയന്നാണ് റോഡിലൂടെ നടക്കുന്നത്.

മറ്റ് ഭാഗവും ഇടിഞ്ഞുതാഴുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം മേജർ ഇറിഗേഷൻ അധികൃതരും വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിച്ചിരുന്നു. അടുത്തയാഴ്ചയോടെ ജോലികൾ തുടങ്ങാമെന്ന് മേജർ ഇറിഗേഷൻ അധികൃതർ അറിയിച്ചതായി കൗൺസിലർ പി.കെ.ഗോപകുമാർ പറഞ്ഞു. ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് മണ്ണ് നിറയ്ക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിലുള്ളത്.