gov

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികക്കുതിപ്പിന് വഴിതുറക്കുന്ന വിഴിഞ്ഞം യാഥാർത്ഥ്യമായിരിക്കെ ഘടകകക്ഷിയിൽ നിന്ന് തുറമുഖ വകുപ്പ് ഏറ്റെടുത്ത് സി.പി.എം.

ഐ.എൻ.എൽ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിന് പകരമെത്തിയ കോൺഗ്രസ്- എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കിട്ടുമെന്നു കരുതിയ തുറമുഖം, സി.പി.എം പ്രമുഖനായ വി.എൻ. വാസവന് നൽകി. വാസവനിൽ നിന്ന് രജിസ്ട്രേഷൻ വകുപ്പെടുത്ത് കടന്നപ്പള്ളിക്കും നൽകി. ഒന്നാം പിണറായി സർക്കാരിൽ കടന്നപ്പള്ളിക്കായിരുന്നു തുറമുഖം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമാണ് വാസവൻ. എക്സൈസ്,​ സഹകരണ മന്ത്രിയായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് സി.പി.എമ്മിൽ ചർച്ച നടന്നതായാണ് വിവരം. പദ്ധതിപ്രദേശത്ത് പ്രാദേശിക എതിർപ്പുകൾ ഇടയ്ക്കിടെ തലപൊക്കുന്നതും വകുപ്പ് പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യത്തിന് ശക്തി പകർന്നു.

അതേസമയം,​ ട്രാൻസ്പോർട്ടിനൊപ്പം സിനിമയും വേണമെന്ന കെ.ബി. ഗണേശ്‌കുമാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. സി.പി.എം മന്ത്രിയായ സജി ചെറിയാന്റെ കൈവശമാണ് നിലവിൽ സിനിമ. സിനിമാ രംഗത്ത് ഏറെ വിവാദമുയർത്തിയ ഹേമ കമ്മിഷൻ റിപ്പോർട്ടടക്കം സർക്കാരിന്റെ കൈവശമാണ്. കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാഡമി എന്നിവയും സിനിമയ്ക്ക് കീഴിലാണ്. അതുകൊണ്ടുതന്നെ വകുപ്പ് വിട്ടുനൽകാൻ സി.പി.എം തയ്യാറായില്ല.

സത്യപ്രതിജ്ഞയ്ക്കും ഗവർണറുടെ ചായസൽക്കാരത്തിനും ശേഷം ഇരു മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളെ കുറയ്ക്കുമെന്നും ഗണേശ്‌കുമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. കടന്നപ്പള്ളിക്ക് തൈക്കാട് ഹൗസോ നിളയോ നൽകും. കടന്നപ്പള്ളിക്ക് ആറാം നമ്പർ സ്റ്റേറ്റ് കാറും ഗണേശ്‌കുമാറിന് ഏഴാം നമ്പരുമാണ്.

മുഖത്തുപോലും നോക്കാതെ

മുഖ്യമന്ത്രിയും ഗവർണറും

മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ച് വേദിയിലുണ്ടായിട്ടും പരസ്പരം മുഖം കൊടുത്തില്ല. ചടങ്ങിനുശേഷം ഇരുമന്ത്രിമാർക്കും ആദ്യം ഗവർണറും പിന്നീട് മുഖ്യമന്ത്രിയും പൂച്ചെണ്ട് നൽകി. ഇരുവരുമായും ഹസ്തദാനവും നടത്തി. ഈ സമയത്തൊന്നും മുഖ്യമന്ത്രിയും ഗവർണറും പരസ്പരം നോക്കിയില്ല. 3.5‌‌8ന് തുടങ്ങിയ ചടങ്ങ് 4.05ന് ദേശീയ ഗാനം ചൊല്ലി അവസാനിപ്പിച്ചു. ഗവർണർ ഉടൻ വേദി വിട്ടു. പിന്നാലെ മന്ത്രിമാരുൾപ്പെടെ സ്‌റ്റേജിലെത്തി അനുമോദിച്ചു. ചടങ്ങിന് ശേഷമുള്ള ചായസൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി വേദിവിട്ടു. മന്ത്രിമാരിൽ എ.കെ. ശശീന്ദ്രൻ മാത്രമാണ് സൽക്കാരം സ്വീകരിച്ചത്. തോമസ് കെ.തോമസ് എം.എൽ.എയും പങ്കെടുത്തു.

മന്ത്രിമാരും

വകുപ്പും

കടന്നപ്പള്ളി: രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ്

ഗണേശ്‌കുമാർ: റോഡ് ഗതാഗതം, മോട്ടോർ വാഹനം, ജല ഗതാഗതം

വി.എൻ. വാസവൻ: തുറമുഖം, സഹകരണം

ഏത് വകുപ്പായാലും നീതി പുലർത്തും. മുഖ്യമന്ത്രി പറയുന്നതുപോലെ പ്രവർത്തിക്കും. പിണറായിയെ പോലെ കരുത്തനായ മുഖ്യമന്ത്രിക്ക് കീഴിൽ വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നത് ജനപിന്തുണകൊണ്ടാണ്

- രാമചന്ദ്രൻ കടന്നപ്പള്ളി

കെ.എസ്.ആർ.ടിസിയുടെ ധനം ചോരുന്ന വഴികൾ അടയ്ക്കും. വരവ് വർദ്ധിപ്പിക്കുന്നതിനോപ്പം ചെലവിൽ നിയന്ത്രണവുമുണ്ടാകും. എല്ലാ ഗ്രാമീണ മേഖലകളിലും ബസ് സർവീസ് തുടങ്ങണമെന്നുണ്ട്

- കെ.ബി.ഗണേശ്കുമാർ