തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. വേദികളിലും പൊതുസ്ഥലങ്ങളിലും,ബീച്ചുകളിലുമായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.പൊതുഇടത്തെ മദ്യപാനം, മദ്യപിച്ചുള്ള ബഹളങ്ങൾ,മോശം പെരുമാറ്റം എന്നിവ തടയും.മദ്യപിച്ചും അശ്രദ്ധയോടെയുമുള്ള വാഹനമോടിക്കൽ, അമിത വേഗത,പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്,അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ കർശനമായി പരിശോധിക്കും.അശ്രദ്ധയോടും, മദ്യപിച്ചും വാഹനമോടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
സ്ത്രീകളെയും,കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും മഫ്തി പൊലീസിനെ നിയോഗിക്കും. പ്രധാന ജംഗ്ഷനുകളിൽ പട്രോളിംഗ് നടത്തും. രാത്രിയിലെ ഡി.ജെ പാർട്ടികളിലും, ഒത്തുചേരലുകളിലും കർശന പരിശോധയുണ്ടാകും. ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിൽ നിന്ന് അനുമതി വാങ്ങാൻ എല്ലാ ഹോട്ടലുകൾക്കും,ക്ലബുകൾക്കും നോട്ടീസ് നൽകും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്നവർക്ക് സംഘാടകരും മാനേജ്മെന്റും എൻട്രി രജിസ്റ്റർ സൂക്ഷിക്കണം. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സി.സി ടിവി പ്രവർത്തനക്ഷമമാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം.ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് മൈക്ക് ഓപ്പറേറ്റന്മാർ ഉറപ്പാക്കണം.തീരദേശ മേഖലകളിൽ കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗ് ശക്തമാക്കും.പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം.വാഹനത്തിൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം.ഗതാഗതതടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും 9497987002, 9497987001 എന്നീ നമ്പരുകളിൽ അറിയിക്കാം.സുരക്ഷാ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
മാനവീയം വീഥിയിലെ ക്രമീകരണങ്ങൾ
മാനവീയം വീഥിയിലെ ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രിക്കും.പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും എല്ലാ വ്യക്തികളെയും പരിശോധിക്കുകയും വീഡിയോഗ്രാഫ് ചെയ്യുകയും ചെയ്യും.ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെയും, മയക്കുമരുന്ന് കച്ചവടക്കാരെയും പിടികൂടാൻ മഫ്തി പൊലീസ് പട്രോളിംഗ് നടത്തും. മദ്യപിച്ച് മോശമായി പെരുമാറുന്നവരെ കർശനമായി നേരിടും.