
നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറത്ത് ഭക്തജനത്തിരക്ക് കൂടി. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരള ബാങ്കിന്റെ എക്സ്റ്റഷൻ കൗണ്ടർ വഴിയായിരിക്കും തീർത്ഥാടന ദിവസങ്ങളിൽ വഴിപാട് രസീതുകൾ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കേരള ബാങ്കിന്റെ അരുവിപ്പുറം ശാഖയുടെ എക്സ്റ്റൻഷൻ കൗണ്ടർ മഠത്തിൽ ആരംഭിച്ചു. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം റീജിയണൽ മാനേജർ ഡോ: എൻ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി മാനേജർ മായ, നെയ്യാറ്റിൻകര എസ്.എൻ. ഡി. പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ഏര്യാ മാനേജർ സാനു, പ്രസന്നൻ, അജി അരുവിപ്പുറം എന്നിവർ പങ്കെടുത്തു.അരുവിപ്പുറം ക്ഷേത്രത്തിൽ നടക്കുന്ന ഗുരുപൂജ പ്രസാദ വിതരണത്തിനായി എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് നെയ്യാറ്റിൻകര യൂണിയൻ ഭാരവാഹികൾ സമാഹരിച്ച പച്ചക്കറി സാധനങ്ങൾ യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയ്ക്ക് കൈമാറി. യൂണിയൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ പങ്കെടുത്തു. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുപൂജ പന്തലിൽ നിന്നുമായിരിക്കും ഗുരുപൂജ പ്രസാദം വിതരണം നടക്കുന്നതെന്നും ഒരു ദിവസം 25000 പേർക്ക് ഗുരുപൂജ പ്രസാദം തയ്യാറാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.