
പാറശാല: കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിളിൽ തന്റെ നായ്ക്കുട്ടിയുമായി പര്യടനം നടത്തിയിരിക്കുകയാണ് കണ്ണൂരുകാരനായ അഭിഷേക് കുമാർ (22). ഡിഗ്രി പഠനം പൂർത്തിയാക്കി ഇക്കഴിഞ്ഞ മാർച്ച് 26നാണ് 'പ്രകൃതിയെ രക്ഷിക്കൂ' എന്ന സന്ദേശവുമായി കണ്ണൂരിലെ തളിപ്പറമ്പിൽ നിന്ന് പര്യടനം ആരംഭിക്കുന്നത്. യാത്രയ്ക്കിടെ പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനിടെയാണ് മുംബയിലെ തെരുവിൽ നിന്ന് ദിവസങ്ങൾ പ്രായമുള്ള മുറിവേറ്റ നായ്ക്കുട്ടിയെ കിട്ടുന്നത്.നായ്ക്കുട്ടിക്ക് ചാർളി എന്ന പേര് നൽകി അഭിഷേക് യാത്രയിൽ ഒപ്പം കൂട്ടുകയായിരുന്നു. സൈക്കിളിന് പിറകിലായി ഒരുക്കിയ കൂട്ടിനുള്ളിൽ കിടന്നാണ് ചാർളിയുടെ യാത്ര.മംഗലാപുരം വഴി ശ്രീനഗർ, ഗോവ, മുംബയ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീർ,കാർഗിൽ വഴി ലഡാക്ക്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ചണ്ഡിഗർ, തിരികെ ഹരിയാന വഴി ഡൽഹിയിലും പോയി. തിരികെ ട്രെയിനിൽ ബംഗളൂരിലെത്തി തമിഴ്‌നാട്ടിലെ ഹൊസൂർ,മധുര വഴി കന്യാകുമാരിയിൽ എത്തുകയായിരുന്നു. അവിടെ നിന്നാണ് കഴിഞ്ഞ ദിവസം പാറശാലയിലെത്തിയത്.
ക്ഷേത്രങ്ങളിലും ബസ് ടെർമിനലുകളിലും റെയിൽവേ സ്റ്റേഷനുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്.