മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാറിനെതിരെയുള്ള ബി.ജെ.പിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
പ്രസിഡന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടല സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ ഇ.ഡി അന്വേഷണം നേരിടുന്നുവെന്നും ആരോപിച്ച് ബി.ജെ.പി മണ്ണടിക്കോണം വാർഡ് അംഗം ഷീബാമോളുടെ നേതൃത്വത്തിൽ ഏഴ് ബി.ജെ.പി അംഗങ്ങളാണ് ഇക്കഴിഞ്ഞ 14ന് അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ട് കത്ത് നൽകിയത്. ഇന്നലെ രാവിലെ 11ന് നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ്ഘോഷിന്റെ നേതൃത്വത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് സി.പി.എം,കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു.പ്രമേയം ചർച്ചയ്ക്കെടുക്കുന്നതിനുള്ള ക്വാറം തികയാതെ അവിശ്വാസപ്രമേയം പരാജയപ്പെടുകയായിരുന്നു.
കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ പങ്കെടുത്ത് ബി.ജെ.പിക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തിയിരുന്നത്.ഇതിനായി ഊരൂട്ടമ്പലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഊരൂട്ടമ്പലം വിജയൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടർന്ന് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചു.21 അംഗ ഭരണസമിതിയിൽ സി.പി.എം 6,സി.പി.ഐ 3,കോൺഗ്രസ് 5,ബി.ജെ.പി 7 എന്നിങ്ങനെയാണ് കക്ഷിനില.സി.പി.എം,കോൺഗ്രസ് കൂട്ടുകെട്ടാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ട് നിൽക്കാൻ കാരണമെന്ന് ആരോപിച്ച് ബി.ജെ.പി മാറനല്ലൂരിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു.