വെഞ്ഞാറമൂട്: തീപിടിത്തമുണ്ടായ വീട്ടിലകപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. മേലാറ്റുമുഴി കുന്നത്തോട് പൂന്തൽക്കോണം വീട്ടിൽ ഗിരിജ (54)യെയാണ് കത്തിക്കൊണ്ടിരുന്ന വീട്ടിൽ നിന്നും രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് വീട്ടുടമസ്ഥ രേണുക വീട്ടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ബന്ധുവായ ഗിരിജ വീട്ടിനുള്ളിൽ അകപ്പെടുകയും ചെയ്തു. രേണുക പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വീട്ടുപകരണങ്ങളിലും തുണികളിലും തീ ആളിപ്പടർന്ന് ചൂടും പുകയും നിറഞ്ഞ മുറിയിലകപ്പെട്ട ഗിരിജയെ വെഞ്ഞാറമൂട് ഫയർഫോഴ്സെത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തീപിടിത്തം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ലെന്നും ഗ്യാസ് സിലിണ്ടറിന് തീപിടിക്കാത്തത് കൊണ്ട് വൻ അപകടം ഒഴിവായെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സുബീഷ്, മുനീർ, ഗ്രേഡ് എ.എസ്.ടി.ഒ സുരേന്ദ്രൻ നായർ, ഗ്രേഡ് എസ്.എഫ്.ആർ.ഒ ജി.പി.ബൈജു,ഹോം ഗാർഡുമാരായ ബാഹുലേയൻ നായർ, പ്രഭാകരൻ നാടാർ, മാഹീൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.