
തിരുവനന്തപുരം: വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ദർശനം ആഴത്തിൽ അറിയാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനുമുള്ള ശ്രമങ്ങൾക്കാണ് നാം മുൻഗണന നൽകേണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.91-ാമത് ശിവഗിരി തീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ ജീവിതത്തിൽ പാലിക്കേണ്ട നിഷ്ഠകളെ തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും വ്യാവസായികമായും ആരോഗ്യപരമായുമെല്ലാം ഉന്നതി നേടണമെന്ന് ഗുരു നിർദ്ദേശിച്ചത്. അതിന്റെ ഭാഗമായാണ് തീർത്ഥാടന കാലത്ത് ഇതുസംബന്ധിച്ച വിഷയങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ചത്. ഓരോ വ്യക്തിക്കും അറിവും ആശയങ്ങളും സമാഹരിച്ച് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ഊർജ്ജവും തേജസും സമാഹരിക്കാനുള്ള അവസരമാണ് ശിവഗിരി തീർത്ഥാടനം. സമൂഹ്യതിന്മകൾക്കും, അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ ഗുരു കേരളീയ സമൂഹത്തെയാകെ ഇരുട്ടിൽ നിന്ന് നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചു.
മനുഷ്യരിൽ ആണും പെണ്ണുമെന്ന രണ്ടു ജാതിയേ ഉള്ളൂവെന്നും ഗുരു പറഞ്ഞു. സമൂഹത്തിൽ നിലനിന്ന ചാതുർവർണ്യ വ്യവസ്ഥിതിയുടെ ബൗദ്ധിക ശൂന്യതയെ തന്റെ ഉൾവെളിച്ചത്തിലൂടെ തിരിച്ചറിഞ്ഞ ഗുരു, മനുഷ്യനിൽ ബുദ്ധി സന്നിവേശിപ്പിച്ചിരിക്കുന്നത് ജാതീയതയുടെ അടിസ്ഥാനത്തിൽ അല്ലെന്നും പറഞ്ഞു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന കാലത്താണ് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. സവർണ്ണ മേധാവിത്വത്തോടുള്ള തുറന്ന വെല്ലുവിളിയാണ്. ഈ പ്രവൃത്തിയോട് എതിർപ്പുയർത്തിയ സവർണ്ണരോട് 'നാം ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെ'ന്ന് അരുളി ചെയ്ത ഗുരു, പൗരോഹ്യത്യത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടി. പ്രകൃതി തന്നെ മിനുക്കിയെടുത്ത കല്ല് പുഴയിൽനിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുക വഴി ആരാധനാസങ്കൽപ്പങ്ങളയും അദ്ദേഹം പൊളിച്ചെഴുതി. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന് ഗുരു അവിടെ ആലേഖനം ചെയ്തു .ആ ദർശനം മാനവരാശി ഉള്ളിടത്തോളം നിലനിൽക്കുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.