sivagiri

ശിവഗിരി:ശ്രീനാരായണഗുരുദേവ രചനയായ ദൈവദശകം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. മലയാള ബന്ധമുള്ള മനോന്മണീയം സുന്ദരൻപിള്ള എഴുതിയ ഒരു ഗാനമാണ് തമിഴ്നാടിന്റെ ഗാനമായി അംഗീകരിച്ചിട്ടുള്ളത്. അതുപോലെ പൂർണ്ണമായല്ലെങ്കിലും ദൈവദശകത്തിന്റെ മൂന്നോ നാലോ ശ്ളോകങ്ങളെങ്കിലും സംസ്ഥാനത്തിന്റെ ഗാനമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

91-ാമത് ശിവഗിരിതീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ.

ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഈഴവരാദി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവസരം നൽകിയത് പിണറായി സർക്കാരിന്റെ വിപ്ളവകരമായ നടപടിയാണ്. എന്നാൽ ശബരിമല, വൈക്കം, ഏറ്റുമാനൂർ തുടങ്ങിയ വലിയ ക്ഷേത്രങ്ങളിൽ ശാന്തിമാരാകാൻ അപേക്ഷിക്കേണ്ടത് ബ്രാഹ്മണർ അയിരിക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. ഏറെ പുരോഗതി നേടിയിട്ടുള്ള നമ്മുടെ രാജ്യത്തിന് ഇത് ഭൂഷണമല്ല. നീതി എല്ലാവർക്കും ലഭ്യമാക്കണം.

കാലത്തിന് മുന്നേ നടന്ന ഋഷിവര്യനായിരുന്നു ശ്രീനാരായണഗുരുദേവൻ. 100 വർഷങ്ങൾക്ക് മുമ്പാണ് ശാസ്ത്ര സാങ്കേതിക മേഖലയെക്കുറിച്ച് അദ്ദേഹം തീർത്ഥാടന വിഷയമായി പറഞ്ഞത്. ഗുരുവിന്റെ ആഴത്തിലുള്ള മുഖമാണ് ഇതിലൂടെ മനസിലാവുന്നത്. ശാസ്ത്രയുഗത്തിന്റെ ഋഷിവര്യനായിരുന്നു ഗുരുദേവൻ.

ശിവഗിരി മഠത്തിന്റെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായിവിജയൻ. മഠത്തിന്റെ നിയമപരമായ ആവശ്യങ്ങളെല്ലാം അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.ഗുരുവിന്റെ മഹിമാ വിശേഷങ്ങളെല്ലാം അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ പരാമർശിക്കാറുണ്ട്. ഗുരുദേവ ദർശനം മുൻ നിറുത്തിയാണ് സർക്കാരിന്റെ പല പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതെന്നും സ്വാമി സച്ചിദാനന്ദ വിശദമാക്കി.