
നിറവേറുന്നത് നെയ്യാറ്റിൻകരക്കാരുടെ ദീർഘകാല സ്വപ്നം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനം സാദ്ധ്യമാക്കാനുതകുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം ജനുവരിയോടെ പൂർത്തിയാകും. കഴിഞ്ഞ ജൂലായിലാണ് പദ്ധതി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.
4 പുതിയ പ്ലാറ്റ്ഫോമുകളും 17.5മീറ്റർ വീതിയിൽ റെയിൽവേ റോഡും വികസനത്തിന്റെ ഭാഗമായി യാഥാർത്ഥ്യമാക്കും. റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നിടത്തായി ആർച്ച് മോഡലിലാണ് പ്രവേശന കവാടം നിർമ്മിക്കുന്നത്. ആശുപത്രി ജംഗ്ഷൻ, മരുത്തൂർ എന്നിവിടങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന റോഡുമാണ് 17.5 മീറ്റർ വീതിയിൽ നവീകരിക്കുന്നത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയോടൊപ്പം തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിക്കലും നടക്കുന്നതിനാൽ ഇവിടെ മേൽക്കൂരയോടെയുള്ള 4 പ്ലാറ്റ്ഫോമുകൾ നിർമ്മിക്കും. പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കാനായി 6 മീറ്റർ വീതിയിൽ പുതിയ ഫുട് ഓവർബ്രിഡ്ജ്, പുതിയ ഓഫീസ് മന്ദിരം, നിലവിലെ ഓഫീസ് മന്ദിരത്തിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ബുക്കിംഗ് കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം, സിഗ്നൽ ഓഫീസ് എന്നിവ നിർമ്മിക്കും.
പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ
1.സ്റ്റേഷൻ പ്രവേശനകവാടത്തിന്റെ വികസനം
2.പുതിയ പാർക്കിംഗ് യാർഡ് നിർമാണം
3.നിലവിലെ സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം
4.വീതി കൂടിയ പുതിയ ഫുട് ഓവർ ബ്രിഡ്ജ്
5.ഓഫീസ് കെട്ടിട നവീകരണം
6. മേൽക്കൂരയോടുകൂടിയ പ്ലാറ്റ്ഫോം
തുടർ നിർമ്മാണ പ്രവർത്തനങ്ങൾ
1. യാത്രക്കാർക്ക് വിശ്രമിക്കാനായി ഹാളുകൾ
2.എക്സിക്യുട്ടീവ് ലോഞ്ചുകൾ
3. കഫറ്റീരിയ സംവിധാനങ്ങൾ
4.പാർക്കിംഗ് സൗകര്യം
5.മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനം
അവഗണനയിലായ സ്റ്റേഷൻ
തിരുവനന്തപുരം-കന്യാകുമാരി റെയിൽപാതയിൽ നാഗർകോവിൽ കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്ന നെയ്യാറ്റിൻകര സ്റ്റേഷൻ സൗകര്യങ്ങളുടെ അപര്യാപ്തതയും ട്രെയിനുകളുടെ കുറവും സ്റ്റോപ്പില്ലായ്മയും കാരണം പിന്തള്ളപ്പെടുകയായിരുന്നു. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളടക്കം സ്റ്റോപ്പുണ്ടായിരുന്ന ഇവിടെ ക്രമേണ നിരന്തരം ഇതുവഴിയുള്ള ട്രെയിനുകൾ സ്റ്റോപ്പ് റദ്ദ് ചെയ്യപ്പെടുകയും സ്റ്റേഷൻ പൂർണമായും അവഗണനയിലാവുകയുമായിരുന്നു.