വിഴിഞ്ഞം: പുതുവർഷത്തെ വരവേൽക്കാൻ കോവളത്തെ ഹോട്ടലുകൾ ഒരുങ്ങി. സഞ്ചാരികളെ കാത്തിരിക്കുന്നത് ഡി.ജെ പാർട്ടികളും നൃത്ത സംഗീത വിരുന്നുകളും. കോവളത്തെ സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ വൻ കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
തീരത്തെ ഹോട്ടലുകളിലെ മുറികൾ എല്ലാം മുൻകൂർ ബുക്കിംഗ് ചെയ്തിരിക്കുകയാണ്. വിദേശികൾക്കൊപ്പം ഉത്തരേന്ത്യൻ സഞ്ചാരികളും മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്.
തീരത്തെ ചെറുകിട കച്ചവടക്കാരും നല്ല പ്രതീക്ഷയിലാണ്. ചെണ്ടമേളവും പൂത്തിരിയും നാടൻ കലാമേളവുമൊക്കെ ഒരുക്കിയിട്ടുണ്ടെന്ന് തീരത്തെ ഹോട്ടലുകാർ പറയുന്നു. ഹോട്ടലുകളിൽ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തി ഘോഷയാത്ര നടക്കും.ഇൻഫർമേഷൻ ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലൈറ്റ് ഹൗസ് ബീച്ചുവരെയുണ്ടാകും. ഇക്കുറി ഇടക്കല്ല് പാറക്കൂട്ടത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളുണ്ടാകും.
ഒരുക്കിയത് വൻ സുരക്ഷ
സുരക്ഷയ്ക്കായി 300ലേറെ പൊലീസുകാരെ നിയോഗിക്കും. ഡി.സി.പി നിതിൻ രാജ്,ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേതൃത്വം നൽകും. സുരക്ഷയുടെ ഭാഗമായി ബീച്ചിൽ കൂടുതൽ സി.സി ടിവി ക്യാമറകൾ സജ്ജമാക്കി.സുരക്ഷാ ടവറുകൾ,പൊലീസ് കൺട്രോൾ റൂം എന്നിവയും തയ്യാറാക്കി. ഫയർഫോഴ്സ്,ആരോഗ്യ വിഭാഗം,ലൈഫ് ഗാർഡുകൾ എന്നിവരുടെ സേവനവുമുണ്ടാവും.
പ്രവേശനം തടയും
ഇന്ന് രാവിലെ 10 മുതൽ ബീച്ച് റോഡിലും ഇടറോഡുകളിലും വാഹന പരിശോധനയുണ്ടാകും. ഇന്ന് അർദ്ധരാത്രിക്ക് ശേഷം ബീച്ചിൽ ആരെയും പ്രവേശിപ്പിക്കില്ല.12ഓടെ ബീച്ചിലുള്ളവരെ ഒഴിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
പാർക്കിംഗ്
പാർക്കിംഗിന് അവാട് തുറ,കരിങ്കാളി ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും ബൈപാസ് റോഡിന്റെ വശങ്ങളിലും സൗകര്യമുണ്ടാകും. ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെത്തുന്ന യാത്രികരെ കോവളം ഭാഗത്തേക്ക് എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും.