
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി നാലാമതും കപ്പലെത്തി. ആദ്യമെത്തിയ ഷെൻഹുവ 15 എന്ന കപ്പലിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണുള്ളത്. വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15 രണ്ടാംതവണയാണ് ക്രെയിനുകളുമായെത്തിയത്.
രാവിലെ 11ഓടെ എത്തിയ കപ്പൽ ഉച്ചയ്ക്ക് 12.15ഓടെ ബർത്തിലേക്ക് എത്തിച്ചു. എമിഗ്രേഷൻ അനുമതികളെല്ലാം നേരത്തെ ലഭിച്ചതിനാൽ കാലതാമസമുണ്ടായില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നുമുതൽ ക്രെയിനുകൾ ഇറക്കും. പുതിയ ക്രെയിനുകളെത്തിയതോടെ ഇതുവരെ തുറമുഖത്തെത്തിച്ച ക്രെയിനുകളുടെ എണ്ണം 15 ആയി. ഇനി 17 ക്രെയിനുകൾ കൂടി വേണം. അതേസമയം ആദ്യമെത്തിച്ച ഷിപ്പ് ടു ഷോർ ക്രെയിനുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
ക്രെയിൻ നിർമ്മാണ കമ്പനിയായ ചൈനയിലെ ഇസഡ്.പി.എം.സിയിൽ നിന്നുള്ള 30 അംഗ സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. അദാനി പോർട്സിലെ സാങ്കേതിക വിഭാഗത്തിന് സംഘം ക്രെയിൻ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകും. ഇതിനായി ചൈനീസ് സംഘം ആറുമാസത്തേക്ക് ഇവിടെ തങ്ങും. വിഴിഞ്ഞത്തെത്തിക്കുന്ന എല്ലാ ക്രെയിനുകളും സ്ഥാപിച്ച ശേഷമായിരിക്കും സംഘം മടങ്ങുക.