
ലഹരി മരുന്നിന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കേരളത്തിൽ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ലഹരിക്കച്ചവടത്തിന് പുതിയ പുതിയ മാർഗങ്ങൾ അവലംബിക്കപ്പെടുകയും ചെയ്യുന്നു. ആക്രമണകാരിയായ നായ്‌ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തുന്ന മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം സാൻസാഫ് ടീമും കടയ്ക്കാവൂർ പൊലീസും ചേർന്ന് പിടികൂടുകയുണ്ടായി. വിദ്യാർത്ഥികളെയും വിദേശികളെയും ലക്ഷ്യമിട്ടായിരുന്നു ഇവർ ലഹരിക്കച്ചവടം നടത്തിയിരുന്നത്. ലഹരിവസ്തുക്കൾ വില്‌പനയ്ക്കായി ചെറിയ പൊതികളിലാക്കിയാണ് ഇവർ സൂക്ഷിച്ചിരുന്നത്. എം.ഡി.എം.എയും കഞ്ചാവും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും മറ്റും പൊലീസ് കണ്ടെത്തുകയുണ്ടായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ വളർത്തുനായ്‌ക്കൾ ചാടിവീഴുകയായിരുന്നു. പിന്നീട് നായ്‌ക്കളെ മുറിക്കുള്ളിൽ പൂട്ടിയിട്ടശേഷമാണ് പൊലീസ് ബലപ്രയോഗത്തിലൂടെ യുവാക്കളെ അറസ്റ്റുചെയ്തത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ഇതുപോലുള്ള ലഹരിക്കച്ചവട സംഘങ്ങൾ കേരളത്തിന്റെ പല സ്ഥലത്തും രഹസ്യമായി പ്രവർത്തിക്കുന്നുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയായി മാറിയിരിക്കുന്നു. സമീപകാലത്തുണ്ടായ പല അക്രമങ്ങളിലും പീഡന കേസുകളിലും പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. മദ്യഷാപ്പുകൾ കൂട്ടത്തോടെ അടച്ചിട്ട തീരുമാനമാണ് തുടക്കത്തിൽ കഞ്ചാവിന്റെയും എം.ഡി.എം.എയുടെയും വിൽപ്പന തകൃതിയിലാക്കിയത്. തുടർന്ന് കൊവിഡിന്റെ പേരിലുള്ള അടച്ചിടൽ കാലത്ത് ഇത് വളർന്നു പെരുകുകയായിരുന്നു. ലഹരി ഉപയോഗിച്ച് അടിമയാകുന്നവർ പിന്നീട് പണത്തിനായി ലഹരിക്കച്ചവടത്തിലേക്കും തിരിയുകയാണ്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും ലഹരിസംഘങ്ങളുടെ അക്രമണവും അഴിഞ്ഞാട്ടവും ഒന്നിലേറെ തവണ അരങ്ങേറുകയുണ്ടായി. ബോധമില്ലാതെ കെമിക്കൽ ലഹരിയുടെ പ്രേരണയിൽ ഇത്തരക്കാർ നടത്തുന്ന അക്രമങ്ങൾ ഗുരുതരമായ സാമൂഹ്യ ഭീഷണിയായി മാറിയിരിക്കുകയാണ്. ചില കോളനികളിലും ഒഴിഞ്ഞുകിടക്കുന്ന വീടുകളിലും കാടുപിടിച്ചുകിടക്കുന്ന വിജന പുരയിടങ്ങളും കേന്ദ്രീകരിച്ചാണ് ലഹരിക്കച്ചവടവും ഉപയോഗവും പ്രധാനമായും നടക്കുന്നത്. ആൺ പെൺ വ്യത്യാസമില്ലാതെ സ്‌കൂൾ കുട്ടികൾ പോലും ഇവരുടെ വലയിലെ കണ്ണികളായി മാറിയിരിക്കുന്നു. ലഹരി ഉപയോഗത്തെ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നതും ഇവരുടെ പതിവാണ്.
ലഹരി ഏറ്റവും കൂടുതൽ കൈമറിയുന്നതും ഉപയോഗിക്കപ്പെടുന്നതും കൊച്ചി നഗരത്തിലാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. ഒന്നിലേറെ ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്യാത്ത ഒരു പൊലീസ് സ്റ്റേഷൻ പോലും കൊച്ചി നഗരത്തിലില്ല. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ 2022-ൽ മാത്രം മുന്നൂറ് ഇരട്ടി വർദ്ധനവാണ് മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലത്ത് കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും അതിനുശേഷം ഒരു കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. കഞ്ചാവും എം.ഡി.എം.എയും മറ്റും ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷവും യുവാക്കളാണ്. കൊച്ചിക്ക് പിന്നാലെ തൃശൂർ, ഇടുക്കി, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ലഹരിക്കേസുകളിൽ വലിയ വർദ്ധനവാണുള്ളത്.
ലഹരിക്കടത്തും ഉപയോഗവും തടയാൻ പൊലീസും എക്സൈസും മറ്റും ശക്തമായി നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പറയാനാകില്ല. എന്നാൽ ലഹരിക്കേസുകൾ തെളിയിക്കുന്നതിനാവശ്യമായ ശാസ്‌ത്രീയ സംവിധാനങ്ങളുടെ കുറവ് ഇവിടെ നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് സാമ്പത്തിക വശം നോക്കാതെ തന്നെ സർക്കാർ നടപടിയെടുക്കേണ്ടത് അനിവാര്യമാണ്. ലഹരിക്കെതിരെയുള്ള ബോധവത്‌കരണം പല പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും മറ്റും നടത്തിവരുന്നത് കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്. നാടിനെ ലഹരി വിമുക്തമാക്കാൻ ജനകീയ നീക്കങ്ങൾ തന്നെ ആവശ്യമാണ്. നിയമപാലകരും സമൂഹവും ഒറ്റക്കെട്ടായി നീങ്ങിയാൽ ഈ വിപത്തിനെ തടയാനാകും.
പുതുവത്സരം ആഗതമായിരിക്കെ ആഘോഷങ്ങളുടെ മറവിൽ ലഹരിവില്പന നടക്കുന്നത് തടയാൻ പൊലീസ് ജാഗ്രത പാലിക്കണം. അങ്ങനെ വന്നാൽ പല അക്രമസംഭവങ്ങളും മുൻകൂട്ടി തന്നെ ഒഴിവാക്കാനാകും.