f

താരതമ്യേന കുറഞ്ഞ വിലയ്ക്കു കിട്ടിക്കൊണ്ടിരുന്ന വൈദ്യുതി വളരെ ഉയർന്ന വിലയ്ക്കു വാങ്ങേണ്ട സ്ഥിതി സൃഷ്ടിച്ചു എന്നതു മാത്രമാണ് വൈദ്യുതി വാങ്ങുന്നതുമായി വിവിധ സ്വകാര്യ കമ്പനികളുമായുണ്ടായിരുന്ന ദീർഘകാല കരാർ റദ്ദാക്കിയതിലൂടെ സംഭവിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെയാണ് പുറത്തുനിന്നു യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള 25 വർഷ കരാർ ഒപ്പുവച്ചത്. നിലവിലെ സാഹചര്യത്തിൽ ബോർഡിനു മാത്രമല്ല ഉപഭോക്താക്കൾക്കും നേട്ടമുണ്ടാക്കുന്നതായിരുന്നു ഈ കരാർ. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെ കരാർ ഒപ്പുവച്ചു എന്നതിന്റെ പേരിൽ അവ റദ്ദാക്കാനായിരുന്നു റഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശം. ഏഴുവർഷക്കാലം നിലനിന്ന കരാറുകളാണ് വീണ്ടുവിചാരമില്ലാതെ കമ്മിഷൻ റദ്ദാക്കിയതെന്ന് തലയിൽ വെളിച്ചമുള്ളവരെല്ലാം അന്നേ ചൂണ്ടിക്കാട്ടിയതാണ്. കരാർ പ്രകാരമുള്ള നിരക്കിൽ പുതുതായി ഒരിടത്തുനിന്നും വൈദ്യുതി ലഭിക്കാൻ പോകുന്നില്ലെന്ന കാര്യവും സ്പഷ്ടമായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കുകയും പുതിയ കരാറിനു ശ്രമം തുടങ്ങുകയും ചെയ്തപ്പോഴാണ് അക്കിടി ബോദ്ധ്യപ്പെട്ടത്. പുതിയ ടെൻഡറുകൾ വിളിച്ചപ്പോൾ യൂണിറ്റിന് 7.80 രൂപ മുതൽ 8.88 രൂപ വരെയാണ് കമ്പനികൾ ആവശ്യപ്പെട്ടത്. 4.29 രൂപയ്ക്കു ഇനിയും പതിനെട്ടു വർഷം ലഭിക്കുമായിരുന്ന വൈദ്യുതി ഇത്രയും കൂടിയ വിലയ്ക്കു വാങ്ങി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുന്നതിലെ ജനദ്രോഹം തിരിച്ചറിയാൻ ഏറെനാൾ വേണ്ടിവന്നു. തുടർന്നാണ് റദ്ദാക്കപ്പെട്ട കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടതും അതിൻ പ്രകാരം ഇപ്പോൾ നടപടി ഉണ്ടായതും.

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നേരിടാൻ പുറത്തുനിന്നു നിശ്ചിത തോതിൽ വാങ്ങുകയേ നിവൃത്തിയുള്ളൂ. വൈദ്യുതി ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉത്‌പാദനമാകട്ടെ ആനുപാതികമായി കൂടുന്നുമില്ല. മഴ വേണ്ടപോലെ കനിഞ്ഞില്ലെങ്കിൽ കടുത്ത പ്രതിസന്ധിയും വന്നുചേരും. ഈ വർഷം അത്തരത്തിലൊരു പ്രതിസന്ധി ഉണ്ടാവുകയും ചെയ്തു. ഭാഗ്യവശാൽ മഴ അപ്പോഴേക്കും ശക്തമായതുകൊണ്ടാണ് പ്രതിസന്ധി തരണം ചെയ്യാനായത്. പാരമ്പര്യേതര ഉൗർജ്ജസ്രോതസ്സുകൾ വികസിപ്പിക്കാൻ നമുക്ക് ഇനിയും വേണ്ടപോലെ കഴിഞ്ഞിട്ടില്ല. ഊർജ്ജത്തിന്റെ അക്ഷയ ഖനിയായ സോളാർ വേണ്ടപോലെ ഉപയോഗപ്പെടുത്തിയാൽ മാത്രം മതി വൈദ്യുതിക്ഷാമം പൂർണമായി പരിഹരിക്കാൻ. നിരവധി വീടുകൾ ഇതിനകം സോളാറിലേക്കു തിരിയുന്നത് നല്ല ലക്ഷണമാണ്. എന്നാൽ ഇവിടെയും വൈദ്യുതി ബോർഡിന്റെ ലാഭക്കൊതിയും വികല നയങ്ങളും കാരണം സോളാർ പദ്ധതി മുടന്തിമുടന്തിയാണ് നീങ്ങുന്നത്. ഉത്‌പാദിപ്പിച്ച് അധികം വരുന്ന വൈദ്യുതി ബോർഡിനു വിൽക്കാമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും അതിനായുള്ള പ്രത്യേക മീറ്റർ സ്ഥാപിക്കുന്നതുൾപ്പെടെ നടപടിക്രമങ്ങളിലെ കുരുക്ക് പ്രശ്നമായി ഇപ്പോഴും തുടരുകയാണ്. പുറത്തുനിന്ന് അമിതവിലയ്ക്കു വൈദ്യുതി വാങ്ങി അതിലും ലാഭമെടുത്ത് ഉപഭോക്താക്കളെ പിഴിയുന്നതിലാണ് ബോർഡിനു താത്‌പര്യം. കഴിഞ്ഞ കുറെ മാസങ്ങളായി അധികച്ചെലവിന്റെ പേരിൽ ഉപഭോക്താക്കൾ സർച്ചാർജ് അടച്ചുകൊണ്ടിരിക്കുകയാണ്. ബോർഡിന്റെ പെൻഷൻ ബാദ്ധ്യത തീർക്കാനും ഉപഭോക്താക്കൾ തന്നെ മുന്നോട്ടുവരേണ്ട സ്ഥിതിയാണുള്ളത്. ഏതായാലും വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കാൻ നടപടിയായതോടെ ഈയിനത്തിൽ ഉണ്ടാകുമായിരുന്ന അധിക നിരക്കിൽ നിന്ന് ഉപഭോക്താക്കൾ രക്ഷപ്പെട്ടെന്നു കരുതാം. അതോ മറ്റേതെങ്കിലും ഇനങ്ങളിൽ അധിക ബാദ്ധ്യത അടിച്ചേല്പിക്കുമോ എന്നും പറയാറായിട്ടില്ല.