തിരുവനന്തപുരം: തലസ്ഥാന നഗരത്തെ സംബന്ധിച്ച് സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോയത്. അതിലേറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയിലെ ആദ്യ മദർഷിപ്പ് പോർട്ടായി വിഴിഞ്ഞം തുറമുഖം മാറിയതാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബർ 13ന് ആദ്യ കപ്പലെത്തി.ചൈനീസ് കപ്പൽ ഷെൻ ഹുവ 15 എന്ന കപ്പലാണ് തുറമുഖത്തെത്തിയത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ യാത്രയായിരുന്നു മറ്റൊന്ന്.ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഒഫ് ചെയ്തത്. നേട്ടങ്ങൾ ഉണ്ടായപ്പോഴും തലസ്ഥാനത്തിന് നഷ്ടങ്ങളുടെ വർഷം കൂടിയായിരുന്നു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​മുൻ മന്ത്രിയും മുൻ സ്‌പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ,​സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ,​ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ ഡോ.എം.കുഞ്ഞാമൻ,​ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ,​നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ എന്നിവരുടെ വിയോഗവും തലസ്ഥാനത്തായിരുന്നു.

ജൂലായ് 18ന് 79ാം വയസിൽ അർബുദ ബാദയെ തുടർന്നായിരുന്നു മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അന്ത്യം.അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് നഗരവും ജില്ലയും ചേർന്ന് നൽകിയത് ഇതുവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത യാത്രയയപ്പായിരുന്നു. 15 ദിവസങ്ങൾക്ക് ശേഷം കോൺഗ്രസ് നോതാവായിരുന്ന വക്കം പുരുഷോത്തനും വിടപറ‌ഞ്ഞു.ഒക്ടോബർ അഞ്ചിനായിരുന്നു ആനത്തലവട്ടം ആനന്ദന്റെ അന്ത്യം.മുതിർന്ന നടി ആർ.സുബ്ബുലക്ഷ്‌മി വിടപറഞ്ഞത് നവംബർ 30ന് ആയിരുന്നു.പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ഡോ.എം.കുഞ്ഞാമൻ ഡിസംബർ 3നാണ് അന്തരിച്ചത്.ശ്രീകാര്യത്തെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അ‌ഞ്ച് ദിവസങ്ങൾക്ക് ശേഷം,​തലസ്ഥാനത്തെ സ്വന്തം വീടുപോലെ കണ്ടിരുന്ന സി.​പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിത്യതയിലേക്ക് മാഞ്ഞു.കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെങ്കിലും തലസ്ഥാനം നൽകിയത് കണ്ണീരോടെയുള്ള യാത്രയയപ്പായിരുന്നു.മൺമറഞ്ഞവരുടെ ഏറ്റവും ഒടുവിലത്തേത് പ്രശാന്ത് നാരായണനാണ്.ഡിസംബർ 28ന് ആയിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.

ഇക്കൊല്ലം നടന്ന മറ്റു പ്രധാന സംഭവങ്ങൾ സർക്കാരിന്റെ കേരളീയം,​നവകേരള സദസ് എന്നിവയായിരുന്നു. നവംബർ ഒന്നുമുതൽ 7 വരെയായിരുന്നു കേരളീയം.പിന്നാലെ നിയമസഭാ പുസ്തകോത്സവത്തിന്റെ രണ്ടാംപതിപ്പ്,​ നവകേരള സദസ് എന്നിവയെത്തി.ഡിസംബർ 20 മുതൽ 23 വരെയായിരുന്നു ജില്ലയിലെ നവകേരള സദസ്. മന്ത്രിസഭ ഒന്നടങ്കം 36 ദിവസം തലസ്ഥാനത്തിന് പുറത്തായിരുന്നെന്നതും പ്രത്യേതകയാണ്.

സർവകലാശാല വിഷയത്തിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രവർത്തകരുടെ നിരന്തരമായ കരിങ്കൊടി പ്രതിഷേധവും നഗരം കണ്ടു. പേട്ട കേരളകൗമുദി സ്‌ക്വയറിൽ വച്ച് കരിങ്കൊടി കാണിച്ചവരെ,​കാറിൽ നിന്നിറങ്ങി ഗവർണർ വെല്ലുവിളിച്ചതും ഏറെ വാർത്താപ്രാധാന്യം നേടി.നഗരത്തിൽ അക്രമ സംഭവങ്ങൾ അതിരൂക്ഷമായിരുന്നില്ലെങ്കിലും കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നത് കളങ്കമേൽപിച്ചു.പ്രതിശ്രുത വരൻ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് മെഡി.കോളേജിലെ യുവഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്തതും 2023ലാണ്. 36 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്ന ദാരുണ സംഭവും ഉണ്ടായി. സാംസ്കാരിക രംഗത്തെ പ്രധാന വിശേഷം മാനവീയം വീഥി സാംസ്കാരിക തെരുവായി മാറിയതായിരുന്നു.ഒടുവിൽ രണ്ട് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കണ്ടാണ് നഗരം 2023ന് വിട നൽകുന്നത്.