തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മാനവീയം വീഥിയിൽ ഇന്ന് കടുത്ത നിയന്ത്രണം. വൈകിട്ട് 6 മുതൽ ഇവിടെ കനത്ത പൊലീസ് വലയമുണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൈറ്റ് ലൈഫ് അനുവദിച്ച മാനവീയം വീഥിയിൽ ഇന്നും നാളെയും എല്ലാ ആഘോഷങ്ങളും രാത്രി 12.30 വരെ മാത്രമാക്കി ചുരുക്കണമെന്നും കമ്മിഷണർ പറഞ്ഞു. അതിനുശേഷം ഒരാഘോഷവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ എല്ലാ ആഘോഷവും 12.30ന് അവസാനിപ്പിക്കണം. മാനവീയം വീഥിയിൽ ഇളവ് നൽകിയാൽ മറ്റിടങ്ങളിൽ ആഘോഷങ്ങൾ കഴിഞ്ഞ് വരുന്നവരും ഇവിടേക്ക് കൂടുതലായെത്തും. അത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്ന നിഗമനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. മറ്റ് ജില്ലകളിലെ കേസിൽ പ്രതിയായവർ,​ നോട്ടപ്പുള്ളികൾ എന്നിവർ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരീക്ഷിക്കാൻ സമീപ ജില്ലകളിലുള്ള പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. മൂന്ന് വിഭാഗം പരിശോധനയാണ് ഇന്ന് നഗരത്തിൽ പൊലീസ് നടത്തുന്നത്.

ഇതിൽ നഗരാതിർത്തി പരിശോധനയാണ് വലിയ രീതിയിൽ സജ്ജീകരിച്ചിട്ടുള്ളത്. നഗരത്തിലേക്ക് കടക്കാനും പുറത്തുപോകാനും ഒരു പരിശോധനയെങ്കിലും താണ്ടാതെ ആർക്കും പോകാൻ സാധിക്കില്ല. ഇടറോഡുകളിൽ പോലും പരിശോധനയ്ക്ക് പൊലീസിനെ സജ്ജീകരിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനാണ് ഈ പരിശോധന. ലഹരിയുടെ ഇറക്കുമതി ഒരു പരിധി വരെ കുറയ്ക്കുന്നതിന് ഇന്നലെ മുതൽ തന്നെ പരിശോധനകൾ ആരംഭിച്ചെന്ന് കമ്മിഷണർ അറിയിച്ചു.