
ശിവഗിരി: മനുഷ്യത്വം പാടെ അസ്തമിച്ച കാലഘട്ടത്തിൽ ഉയർന്നുവന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരുവെന്ന് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തെയും ജീവിതത്തെയും ഗുരു മനുഷ്യത്വവത്കരിച്ചു. ആ പ്രക്രിയയിലാണ് കേരളം മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമായി മാറിയത്. ഗുരുവിന്റെ ഇടപെടൽ സമൂഹത്തിലാകെ ചലനമുണ്ടാക്കി. അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹദ് സംഭവമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആചരിക്കാനൊരുങ്ങുകയാണ്. ഗുരുവിന്റെ ശിഷ്യനും എസ്. എൻ. ഡി. പി യോഗം പ്രഥമ കാര്യദർശിയുമായ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയും നടക്കുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദിയും ഇക്കാലത്താണെന്നത് പ്രസക്തമാണ്. പൗരാവകാശം നേടിയെടുക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരമാണ് വൈക്കം സത്യഗ്രഹം. വൈക്കം സത്യഗ്രഹത്തിന് കേരളം നൽകിയ വലിയ സംഭാവനകളിലൊന്ന് പൊതുജനാഭിപ്രായ രൂപീകരണത്തിന് ബഹുജന ജാഥ സംഘടിപ്പിക്കാം എന്നതായിരുന്നു. യാഥാർത്ഥ്യം ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുമ്പോൾ ജനത്തെ അറിയിക്കാനും പിന്തുണ തേടാനും ബഹുജന ജാഥകൾക്ക് കഴിയും. ശിവഗിരി തീർത്ഥാടനം അതിന്റെ മറ്റൊരു രൂപമാണ്. ഗുരുവായൂർ സത്യഗ്രഹത്തിൽ എ. കെ. ജിയും ഉപ്പുസത്യഗ്രഹത്തിൽ മഹാത്മാ ഗാന്ധിയും നടത്തിയ ബഹുജന ജാഥകൾ വൈക്കം സത്യഗ്രഹത്തിന്റെ വിജയാനുഭവങ്ങളിൽ നിന്നുണ്ടായതാണ്.
ശ്രീനാരായണ ഗുരുവിന്റെ സതീർത്ഥ്യനായ ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദിയും ഈ അവസരത്തിലാണ്. അന്നത്തെ ആചാരങ്ങൾ അനാചാരങ്ങളാണെന്ന് തിരിച്ചറിയുകയും നിർമാർജ്ജനം ചെയ്യാൻ പ്രവർത്തിക്കുകയും ചെയ്തതിനെയാണ് നവോത്ഥാനം എന്ന് പറയുന്നത്. ഇതിനു നേതൃത്വം നൽകിയ യോഗിവര്യരാണ് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും. ശിരസ്സ് ഉന്നതമായിരിക്കാനും മനസ്സ് നിർഭയമായിരിക്കാനും ജാതിയുടെയും മതത്തിന്റെയും വംശീയതയുടെയും സങ്കുചിതമായ പ്രാദേശികഭിത്തികളാൽ രാജ്യം വിഭജിക്കപ്പെടാതിരിക്കാനും ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങൾ ശരിയായി വ്യാഖ്യാനിച്ചാൽ സാധിക്കും.