ghs-le-camp

ആറ്റിങ്ങൽ: ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉപജില്ല ദ്വിദിന ക്യാമ്പ് സമാപിച്ചു. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ നിർമ്മിതബുദ്ധി പ്രവർത്തനങ്ങൾ, 2 ഡി, 3ഡി അനിമേഷൻ നിർമ്മാണം എന്നിവയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പരിശീലനം നേടി. സബ് ജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ ജില്ലാ ക്യാമ്പിലേക്കും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുക്കും. ആധുനിക സാങ്കേതിക വിദ്യകളായ നിർമ്മിത ബുദ്ധി, മെഷീൻ ലേർണിംഗ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം, മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന എ.ഐ വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന സ്ലീപ് ഡിക്ടക്ടേഷൻ യന്ത്രം, എന്നിവയാണ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുട്ടികൾ തയാറാക്കിയത്. ലഘു കഥകളെ അടിസ്ഥാനമാക്കി സമ്പൂർണ അനിമേഷൻ സിനിമ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് അനിമേഷൻ വിഭാഗത്തിൽ തയാറാക്കിയത്. സബ് ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും 95 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുത്തത്. പരിശീലകരായ രതീഷ് കുമാർ, മുരളീധരൻ, പ്രീത, ഹസീന, പൂജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.