
തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് മെട്രോ റെയിലൊരുക്കാൻ കൊച്ചി മെട്രോ. തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടുത്തി പുതുക്കിയ പദ്ധതി റിപ്പോർട്ട് ജനുവരി 15ന് ഡൽഹിമെട്രോ റെയിൽ കൈമാറുമെന്ന് കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ 'കേരളകൗമുദി"യോട് പറഞ്ഞു.
യാത്രക്കാർക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും തമ്പാനൂർ ബസ് സ്റ്റാന്റിലും ടെക്നോപാർക്കിലുമടക്കം വേഗത്തിലെത്താൻ മെട്രോ സഹായിക്കും. നിർദ്ദിഷ്ട കരമന-പള്ളിപ്പുറം മെട്രോപാതയിലേക്ക് വിമാനത്താവളത്തിലേക്കും ടെക്നോപാർക്കിലേക്കും ലൂപ്പ് സർക്കിൾ ഉൾപ്പെടുത്തും. ഇതിലൂടെ തിരുവനന്തപുരത്ത് മെട്രോ ലാഭത്തിലായിരിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ രണ്ടുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാം.
അയൽജില്ലകളിൽ നിന്ന് ബസിലും ട്രെയിനിലും തലസ്ഥാനത്തെത്തുന്നവർക്ക് മെട്രോയിൽ വിമാനത്താവളത്തിലിറങ്ങാം. വിദേശത്ത് നിന്നെത്തുന്നവർക്ക് ലഗേജുകളുമായി ട്രെയിൻ-ബസ് സ്റ്റേഷനുകളിലുമെത്താം. തലസ്ഥാനത്തെ തിരക്കൊഴിവാക്കാൻ കഴക്കൂട്ടത്തെത്തി ബസിൽ മറ്റ് ജില്ലകളിലേക്ക് പോകാനുമാകും. സർക്കാർ ഉദ്യോഗസ്ഥർക്കും ഗുണമാകും.
ബൈപ്പാസിന്റെ മീഡിയനിൽ മെട്രോ ?
കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ മീഡിയനിൽ സ്ഥാപിക്കുന്ന തൂണുകളിൽ മെട്രോപാത സ്ഥാപിക്കുന്നതാണ് പരിഗണനയിൽ. ചിലേടത്ത് ഭൂഗർഭപാതകളും വേണം. ഡി.എം.ആർ.സിയുടെ ജിയോ-ടെക്നിക്കൽ പഠനത്തിലാവും അന്തിമതീരുമാനം. റോഡ്, റെയിൽ, വ്യോമ, ജലഗതാഗത മാർഗങ്ങളുൾപ്പെടുത്തിയുള്ള സമഗ്രമായ ഗതാഗതപദ്ധതിയും തയ്യാറാവുന്നുണ്ട്. ആറ്രിങ്ങൽ, നെയ്യാറ്റിൻകര, വിഴിഞ്ഞം എന്നിവിടങ്ങളിലേക്കും മെട്രോ നീട്ടാം. മെട്രോയുടെ ഭാഗമായുള്ള ശ്രീകാര്യം, ഉള്ളൂർ, പട്ടം ഫ്ലൈ ഓവറുകൾക്ക് പ്രാഥമിക നടപടിയായിട്ടുണ്ട്. പൊതുഗതാഗത സംവിധാനം മെട്രോയ്ക്കൊപ്പം ചേർക്കാൻ സംയോജിത ട്രാൻസ്‌പോർട്ട് അതോറിട്ടിയും രൂപീകരിക്കും.
കേന്ദ്രാനുമതി ലഭിച്ചേക്കും
50നഗരങ്ങളിൽ മെട്രോ ഓടിക്കുകയാണ് വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനും ബി.ജെ.പിക്കും താത്പര്യമുള്ള നഗരമാണ് തിരുവനന്തപുരം.
നിർദ്ദിഷ്ട പള്ളിപ്പുറം-കരമന പാതയ്ക്ക് ചെലവ് 4,673 കോടിയേയുള്ളൂ. വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടിയാൽ ക്രൂയിസ് ഷിപ്പുകളിലെത്തുന്ന വിദേശസഞ്ചാരികൾക്കും ഗുണകരം.
'വിമാനത്താവളത്തിലേക്ക് മെട്രോകണക്ടിവിറ്റി വരുന്നതോടെ തലസ്ഥാനം വികസിക്കും. യാത്രക്കാർക്കും ഗുണകരമാണ്".
- ലോക്നാഥ് ബെഹ്റ,
എം.ഡി, കൊച്ചിമെട്രോ