
ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ശിവഗിരി മഠത്തിന്റെ പ്രശംസ. മുഖ്യമന്ത്രി ശിവഗിരി മഠത്തിന്റെ സ്വന്തമെന്ന് ഉദ്ഘാടന സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞപ്പോൾ, സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗനന്ദയും മുഖ്യമന്ത്രിയെ പുകഴ്ത്തി.
നവകേരള സൃഷ്ടിക്ക് ഗുരു വചനങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. തലസ്ഥാന നഗരിയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചതും ചെമ്പഴന്തിയുടെ വികസന പ്രവർത്തനങ്ങൾക്ക് കൈയയച്ചു സഹായിച്ചതും കൊല്ലത്ത് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചതുമെല്ലാം പിണറായി സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങൾ ആധികാരിക പഠനത്തിന് വിധേയമാക്കേണ്ട കാലഘട്ടമാണിത്. തീർത്ഥാടനത്തിന് അനുമതി നൽകുമ്പോൾ വിദ്യാഭ്യാസത്തിനാണ് ഗുരു മുൻഗണന നൽകിയത്.വിദ്യാഭ്യാസ മേഖലയിൽ കുതിച്ചുയരാൻ നമുക്ക് കഴിഞ്ഞെങ്കിലും സമമീപകാലത്തെ ചില സംഭവങ്ങൾ വേദനിപ്പിക്കുന്നതാണ്. ഇതേക്കുറിച്ച് ആത്മപരിശോധന വേണം. ഗുരുദേവ ദർശനം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ചരിത്രപരമായ ദൗത്യമാണ് ശിവഗിരി മഠം ഏറ്റെടുത്തിട്ടുള്ളതെന്നും സ്വാമി ശുഭാംഗാനന്ദ വ്യക്തമാക്കി.