
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലമായതിനാൽ കേന്ദ്ര സഹായപദ്ധതികളിൽ പേരെഴുതിയില്ലെങ്കിൽ സഹായമില്ലെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം. ഇതോടെ, 2088.50 കോടിക്കുള്ള കേന്ദ്രസഹായ പദ്ധതികളാവശ്യപ്പെട്ടുള്ള കേരളത്തിന്റെ അപേക്ഷ തള്ളി.
ആഗസ്റ്റ് 30നാണ് കേരളം അപേക്ഷ നൽകിയത്. ബ്രാൻഡിംഗ് വ്യവസ്ഥ കൂടി ഉറപ്പാക്കി അപേക്ഷ നൽകാൻ മറുപടി കിട്ടി. സെപ്തംബർ 30നകം പുതിയ അപേക്ഷ നൽകാൻ സമയം നൽകി. എന്നാൽ ബ്രാൻഡിംഗ് വ്യവസ്ഥ പാലിക്കാനാവില്ലെന്ന മറുപടിയാണ് കേരളം നൽകിയത്. ഇതോടെ അപേക്ഷ നിരസിക്കപ്പെട്ടു. ബ്രാൻഡിംഗ് നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അതത് വകുപ്പുകൾ കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും കേന്ദ്ര സർക്കാർ മറുപടി നൽകിയിട്ടില്ല. അതേസമയം ബ്രാൻഡിംഗല്ല പ്രശ്നമെന്നും, കേന്ദ്ര പദ്ധതികൾക്കുള്ള നിശ്ചിത വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് കേരളത്തിന്റെ അപേക്ഷ തള്ളിയതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. മുൻവർഷം നൽകിയ സഹായത്തിന്റെ കൃത്യമായ കണക്ക് സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ജലശക്തി മന്ത്രാലയത്തിന്റെ കുടിവെള്ള ശുചീകരണ പദ്ധതിയായ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ, ദേശീയ ആരോഗ്യ മിഷൻ, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിനു കീഴിലെ പ്രധാനമന്ത്രി ആവാസ് യോജന അർബൻ, വനിതാശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ പോഷൺ അഭിയാൻ എന്നീ പദ്ധതികളിൽ കേന്ദ്രം നിർദേശിച്ച പ്രകാരമുള്ള ബ്രാൻഡിംഗ് നടപ്പാക്കിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി മൂലം ആസൂത്രണപദ്ധതികൾ വെട്ടിച്ചരുക്കേണ്ട സ്ഥിതിയിലാണ് കേരളം. കേന്ദ്ര പദ്ധതികൾ പേരും രീതികളും മാറ്റി സംസ്ഥാന പദ്ധതിയായി നടപ്പാക്കുകയാണ് കേരളത്തിന്റെ പതിവ്. ഇതുമൂലം പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നഷ്ടമാകുകയും ജനങ്ങൾക്ക് പ്രയോജപ്പെടാതെ പോവുകയുമാണെന്ന്
കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.