
ശിവഗിരി : ഇരുട്ടിലകപ്പെട്ട കേരളജനതയ്ക്കു മുന്നിലേക്കു നീട്ടിയ മഹാവെളിച്ചമായിരുന്നു ഗുരുദേവ ദർശനമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത ദർശനത്തിലൂടെ സമൂഹത്തെ ശ്രീനാരായണഗുരുദേവൻ ഉണർത്തി. ലോകമെമ്പാടും ആ ദർശനം എത്തണം. വ്യക്തികളും രാജ്യങ്ങളും പരസ്പരം അങ്കക്കോഴികളെ പോലെ പാഞ്ഞടുക്കുന്ന കാലത്ത് ഗുരുദേവ ദർശനം ഏറെ പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു. വിഭാഗീയതകളില്ലാത്ത ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുവിന്റെ സ്വപ്നം. ഗുരവിന്റെ ആശയങ്ങളാണ് കുമാരനാശാന് കാവ്യസൃഷ്ടികൾക്ക് ആധാരമായത്. അതെല്ലാം ഗുരുവിനെ ആകർഷിച്ചു. ജാതി വിവേചനത്തിനെതിരായ ഏറ്റവും വലിയ സന്ദേശമായിരുന്നു ചണ്ഡാലഭിക്ഷുകിയെന്നും മന്ത്രി പറഞ്ഞു.