
ശിവഗിരി : ഉന്നത പഠനം കഴിഞ്ഞിറങ്ങുന്ന എല്ലാവർക്കും ഇന്ന് കേരളത്തിൽ തൊഴിൽ നൽകാൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെന്നും പഠിച്ചിറങ്ങുന്നവരുടെ എണ്ണം അത്രത്തോളം വർദ്ധിക്കുകയാണെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിൻെറ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ എൻറർപ്രണർഷിപ്പ് മേഖലയെ പ്രോത്സാഹിപ്പിക്കണം. പഠനത്തോടൊപ്പം ഈ മേഖലയിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയും സാങ്കേതിക വ്യവസായ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിക്കണം. തൊഴിൽ രംഗത്തേക്ക് യുവതലമുറയെ തിരിച്ചു വിടാൻ വിദ്യാഭ്യാസകാലത്ത് കഴിയണം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃഷി ഫലപ്രദമായി നടത്താൻ കഴിയുന്ന കാലമാണിത്. ഇത്തരം കാര്യങ്ങൾ പഠനത്തോടൊപ്പം വിദ്യാർത്ഥികളിലേക്ക് എത്തണം. കേരളം പോലൊരു സംസ്ഥാനത്ത് തൊഴിൽ അധിഷ്ഠിത പഠനം വ്യാപകമാക്കണമെന്നും സോമനാഥ് കൂട്ടിച്ചേർത്തു.