 അടുത്തയാഴ്‌ച തുറമുഖം സന്ദർശിക്കും

തിരുവനന്തപുരം: വിവാദമുയർത്തിയ വെല്ലുവിളികൾ തന്മയത്തത്തോടെ കൈകാര്യം ചെയ്‌ത മന്ത്രിയെന്ന നിലയിൽ പേരെടുത്ത വി.എൻ. വാസവൻ തുറമുഖ വകുപ്പിന്റെ ചുമതല ഏറ്റെടുത്തത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഗുണകരമാകും. അടുത്തവർഷം മേയിൽ തുറമുഖം ഉദ്ഘാടനത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വരവ് കരുത്താകും.

നിലവിൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക ഇനത്തിലും വീടുകളുടെ കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തുറമുഖത്തിന്റെ നിർമ്മാണം സുഗമമായി മുന്നോട്ടുപോകാൻ ഈ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളി സമൂഹവുമായി ചർച്ച ചെയ്‌ത് ഈ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുകയെന്നതാണ് വാസവന്റെ മുമ്പിലെ ആദ്യത്തെ പ്രധാന ദൗത്യങ്ങളിലൊന്ന്. രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമായി മാറാൻ പോകുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. 2024 ഡിസംബറോടെ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

നിശ്ചയിച്ച കാലയളവിൽ തുറമുഖം പ്രവർത്തനസജ്ജമാക്കേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമായിരിക്കും. തുറമുഖം പ്രവർത്തസജ്ജമാകുന്നതോടെ ആഗോള കപ്പൽ കമ്പനികളുമായുള്ള ചർച്ചകളും സജീവമാകും. ഇതുസംബന്ധിച്ച കാര്യങ്ങളിലും വാസവന് ഇടപെടേണ്ടിവരും. തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പാണ് കപ്പൽ കമ്പനികളുമായി നേരിട്ട് ചർച്ചകൾ നടത്തുകയെങ്കിലും അനുമതി നൽകുന്ന കാര്യത്തിൽ വകുപ്പ് മന്ത്രിയെന്ന നിലയിൽ വാസവന്റെ തീരുമാനം നിർണായകമാകും.

അതേസമയം തുറമുഖ വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റശേഷം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എം.ഡി ദിവ്യ എസ്. അയ്യരിൽ നിന്ന് നിർമ്മാണ പുരോഗതി ആരാഞ്ഞിരുന്നു. വൈകാതെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. അടുത്തയാഴ്ച തുറമുഖം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തുമെന്നാണ് വിവരം. അഹമ്മദ് ദേവർകോവിൽ മികച്ച രീതിയിൽ തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ ഇടപെട്ടതെന്നാണ് വി.എൻ. വാസവന്റെ അഭിപ്രായം. തുറമുഖ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.